കേരളത്തില്‍ യുവനടിയെ ആക്രമിച്ച സംഭവം സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചിരിക്കുന്ന അവസരത്തില്‍ തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി. 

ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ എത്തിയ ചാനലിന്റെ മേധാവി വളരെ മോശമായാണ് തന്നോട് പെരുമാറിയതെന്ന് വരലക്ഷ്മി പറയുന്നു

'ഒരു പ്രമുഖ ചാനലിന്റെ മേധാവിയുമായി അരമണിക്കൂര്‍ ഞാന്‍ കൂടിക്കാഴ്ച നടത്തി. അവസാനം അയാള്‍ എന്നോടു ചോദിച്ചു എപ്പോഴാണ് പുറത്തു വച്ച് കാണാന്‍ കഴിയുക എന്ന്. ജോലി സംബന്ധമായ എന്തെങ്കിലും കാര്യത്തിനാണോ എന്ന് ഞാന്‍ അയാളോട് ചോദിച്ചു. അല്ല മറ്റു ചില കാര്യങ്ങള്‍ക്കാണെന്നായിരുന്നു അയാളുടെ മറുപടി. ദേഷ്യം മറച്ചുവച്ച് ഞാന്‍ അയാളോട് അപ്പോള്‍ തന്നെ പുറത്ത് പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു.

ഇത്തരം കാര്യങ്ങള്‍ പുറത്തു പറയുമ്പോള്‍ എല്ലാവരും പറയുന്നത് ഇങ്ങനെയാണ്. സിനിമയല്ലേ, ഇതൊക്കെ സാധാരണമല്ലേ, എല്ലാം അറിഞ്ഞിട്ടല്ലേ അഭിനയിക്കാന്‍ വന്നത് എന്നൊക്കെ. അതിനുള്ള എന്റെ മറുപടി ഇങ്ങനെയാണ്. ഞാന്‍ ഒരു സ്ത്രീയാണ്. അല്ലാതെ ഒരു മാംസപിണ്ഡമല്ല. അഭിനയം ഞാന്‍ തിരഞ്ഞെടുത്ത ജോലിയാണ്. ഞാനത് ഇഷ്ടപ്പെടുന്നു. ഈ ജോലി ഉപേക്ഷിക്കാനോ ഇവിടെ നിലനിന്നു പോകാന്‍ അഡ്ജസ്റ്റമെന്റുകള്‍ക്ക് തയ്യാറാവാനോ ഞാനില്ല.' -വരലക്ഷ്മി കുറിയ്ക്കുന്നു.