ന്താണ് എപ്പോഴും നടിമാര്‍ സുന്ദരികളായിരിക്കുന്നത്? മൃദുലമായ ചര്‍മ്മം, മനോഹരമായ ചുണ്ടുകള്‍, മുടി. സിനിമകളിലാകട്ടെ, സിനിമയ്ക്ക് പുറത്താകട്ടെ പലപ്പോഴും അഭിനേത്രികളെ കാണുമ്പോള്‍ ആളുകള്‍ നോക്കിനില്‍ക്കാറുണ്ട്. അതിന് കാരണം പറയുകയാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്കുമാര്‍. 

ഈ സൗന്ദര്യത്തിന് പിറകില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അധ്വാനമാണെന്ന് തുറന്ന് പറയുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇതെല്ലാം തുറന്ന് പറഞ്ഞിരിക്കുന്നത്. 

''നടിമാരെപ്പോലെ സുന്ദരികളാകണം എന്ന് വിചാരിക്കുന്നവരോട്. ഞങ്ങള്‍ തിളങ്ങുന്ന ചര്‍മ്മവുമായല്ല രാവിലെ എഴുന്നേല്‍ക്കുന്നത്. ഒരുപാട് ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. അതുകൊണ്ട് ഞങ്ങള്‍ പൂര്‍ണരാണെന്ന് കരുതരുത്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരെയും പോലെ തന്നെയാണ് ഞങ്ങളും''- വരലക്ഷ്മി കുറിച്ചു.

ഒരു മണിക്കൂര്‍ നീണ്ട മേക്കപ്പ് വീഡിയോ ചെറുതാക്കിയാണ് വരലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.

നേരത്തേ നടി കാജല്‍ അഗര്‍വാളും സമാനമായ സന്ദേശം പങ്കുവച്ചിരുന്നു. പിഗ്മന്റേഷനുള്ള മുഖം മേക്കപ്പ് ഇല്ലാതെ ചങ്കൂറ്റത്തോടെ കാജള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് ഇങ്ങനെ കുറിച്ചു. 

''ആളുകള്‍ക്ക് അവരെ സ്വയം തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു. ബാഹ്യസൗന്ദര്യത്തില്‍ ഭ്രമം കണ്ടെത്തുന്ന ഒരു ലോകത്തില്‍ നമ്മള്‍ ജീവിക്കുന്നതിനാലാകാം അല്ലെങ്കില്‍ സമൂഹമാധ്യമങ്ങള്‍ വാഴ്ത്തുന്ന വ്യക്തികളില്‍, വസ്തുക്കളില്‍ നമ്മുടെ ആത്മാഭിമാനം മുങ്ങിപ്പോയതിനാലാകാം. എല്ലാം തികഞ്ഞ ഒരു ശരീരം വാഗ്ദാനം ചെയ്യുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് മീതെ കോടികളാണ് നമ്മള്‍
ചെലവഴിക്കുന്നത്. 

Kajal Agarwal

സ്വന്തം സൗന്ദര്യത്തില്‍ ഭ്രമിക്കുന്നവരെയാണ് ഇന്ന് എവിടെയും കാണാന്‍ സാധിക്കുന്നത്. ഒന്നുകില്‍ നമ്മള്‍ ആ കൂട്ടത്തില്‍ ചേരാന്‍ നോക്കും അല്ലെങ്കില്‍ അതില്‍ നിന്നും പുറന്തള്ളപ്പെടും. നമ്മള്‍ ആരാണെന്ന യാഥാര്‍ഥ്യത്തെ സ്വീകരിക്കുമ്പോഴാണ് യഥാര്‍ഥ സന്തോഷം നമുക്ക് അനുഭവിക്കാന്‍ സാധിക്കുന്നത്. മേക്കപ്പിന് നമ്മുടെ ബാഹ്യ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നാല്‍ അതിനു നമ്മുടെ വ്യക്തിത്വം നിര്‍ചിക്കാനാവില്ല 

യഥാര്‍ഥ സൗന്ദര്യം തിരിച്ചറിയുന്നത് നിങ്ങളാരാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷം മുതലാണ്''- കാജല്‍ കുറിച്ചു.

Content Highlights: varalakshmi sarathkumar shares a bold video, message with out make up, look, Kajal Aggarwal