ടന്‍ വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നിങ്ങനെ അഭിനയത്തിന് പുറമേ നിരവധി ഉത്തരവാദിത്തങ്ങളാണ് വിശാലിന്റെ ചുമലിലുള്ളത്. എന്നാല്‍ അതൊന്നുമല്ല ആരാധകര്‍ക്ക് അറിയേണ്ടത്, താരത്തിന്റെ വിവാഹത്തെക്കുറിച്ചാണ്. ഒരഭിമുഖത്തില്‍ വിവാഹത്തെ സംബന്ധിച്ചുള്ള ചോദ്യം നേരിടേണ്ടി വന്നപ്പോള്‍ വിശാല്‍ പറഞ്ഞു, നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ താന്‍ വിവാഹം കഴിക്കുമെന്ന്.

വിശാല്‍ ഒഴിഞ്ഞുമാറിയാലും വരലക്ഷ്മിയെ വെറുതെ വിടാന്‍ ആരാധകര്‍ ഉദ്ദേശിച്ചിട്ടില്ല. ഈയിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ഒരാള്‍ വരലക്ഷ്മിയോട് വിശാലിന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചു. രസകരമായിരുന്നു വരലക്ഷ്മിയുടെ ഉത്തരം. 

ഞാനും ഒരുപാട് കാലങ്ങളായി വിശാലിനോട് ഇതേ ചോദ്യം ചോദിക്കുന്നു. കുറേ പ്രായമായാല്‍ പെണ്ണ് കിട്ടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി കഴിഞ്ഞാല്‍ കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞ് ഒഴിയുകയാണ്. അതിപ്പോഴൊന്നും തീരുമെന്ന് എനിക്ക് തോന്നുന്നില്ല-വരലക്ഷ്മി പറഞ്ഞു. 

സണ്ടക്കോഴി 2 എന്ന ചിത്രത്തില്‍ വിശാലും വരലക്ഷ്മിയും ഒരുമിച്ചഭിനയിക്കുന്നുണ്ട്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. വിശാലിന്റെ വില്ലന്‍ വേഷത്തിലാണ് വരലക്ഷ്മി ചിത്രത്തില്‍ എത്തുന്നത്.

ജീവിതത്തില്‍ താന്‍ വിശാലിന്റെ സുഹൃത്തും വില്ലനും ആണെന്ന് വരലക്ഷ്മി പ്രതികരിച്ചു. 

വിശാലും വരലക്ഷ്മിയും തമ്മില്‍ വിവാഹം നടന്നാല്‍ അത് സിനിമയെ വെല്ലുന്ന സംഭവമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം മറ്റൊന്നുമല്ല, വിശാലും വരലക്ഷ്മിയുടെ പിതാവും നടനുമായ ശരത്കുമാറും നടികര്‍ സംഘവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം കടുത്ത ശത്രുതയിലാണ്. പക്ഷേ ഈ പ്രശ്നങ്ങളൊന്നും വിശാലിന്റെയും വരലക്ഷ്മിയുടെയും സൗഹൃദത്തെ ബാധിച്ചില്ല.

Content Highlights: varalakshmi sarathkumar laxmi vishal wedding rumor love gossip nadigar sangham building