ടി വരലക്ഷ്മി ശരത്കുമാറിനെ തട്ടിക്കൊണ്ടുപോയി എന്ന് ട്വിറ്ററില്‍ വ്യാജ പ്രചരണം. വരലക്ഷ്മി കിഡ്‌നാപ്പ്ഡ് എന്ന ഹാഷ്ടാഗില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താരത്തിന്റെ ചിത്രം പ്രചരിച്ചിരുന്നു. കൈകെട്ടി വായ്മൂടിക്കെട്ടി വരലക്ഷ്മി കിടക്കുന്ന ചിത്രമാണ് വ്യപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. 

സംഭവം വൈറലായപ്പോള്‍ ചിത്രത്തെക്കുറിച്ച് വിശദീകരണവുമായി വരലക്ഷ്മി രംഗത്തെത്തി. പ്രചരിക്കുന്ന ചിത്രം തന്റെ അടുത്ത തമിഴ് ചിത്രത്തില്‍ നിന്നുള്ളതാണെന്നും തട്ടിക്കൊണ്ടുപോയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്നും വരലക്ഷ്മി പറയുന്നു. 

ഞാനിപ്പോള്‍ സേവ് ശക്തി ക്യാമ്പയിന്റെ ഭാഗമായി ഡല്‍ഹിയിലാണ്. ഞാന്‍ സുരക്ഷിതയാണെന്ന് എന്റെ എല്ലാ അഭ്യുദയകാംക്ഷികളെയും അറിയിക്കുന്നു. ഈ പോസ്റ്റിനെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. എന്റെ അടുത്ത തമിഴ് ചിത്രത്തില്‍ നിന്നുള്ളതാണ് നിങ്ങള്‍ കാണുന്ന ദൃശ്യങ്ങള്‍- വരലക്ഷ്മി പറഞ്ഞു.