കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള സിനിമാനടിമാരില്‍ പ്രധാനിയാണ് വരലക്ഷ്മി ശരത്കുമാര്‍. സിനിമാനടന്‍ ശരത്കുമാറിന്റെ മകളായിട്ടു പോലും പല നിര്‍മാതാക്കളും താരങ്ങളും ദുരുദ്ദേശത്തോടെ തന്നെ സമീപിച്ചിട്ടുണ്ടെന്നും തെളിവായി ഫോണ്‍ റെക്കോഡുകള്‍ തന്റെ കൈവശമുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ വരലക്ഷ്മി. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് നടി ഇക്കാര്യം പറഞ്ഞത്. 

'വേട്ടയാടാന്‍ വരുന്നവരെ സമൂഹത്തിനു മുന്നില്‍ സ്ത്രീകള്‍ തന്നെ തുറന്നു കാട്ടണം.'വരലക്ഷ്മി പറഞ്ഞു. 'അവസരങ്ങള്‍ നഷ്ടപ്പെടുമെന്നു കരുതി അതു ചെയ്യാതിരിക്കരുത്. താരപുത്രിയായിട്ടു പോലും അത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഞാനും നേരിട്ടിട്ടുണ്ട്. ദുരുദ്ദേശപരമായി സമീപിച്ചവരോട് താന്‍ നോ പറഞ്ഞു. അങ്ങനെ സംസാരിച്ചവരുമായുള്ള ഫോണ്‍ റെക്കോഡുകള്‍ എന്റെ കൈവശമുണ്ട്. അത്തരം സംഭാഷണങ്ങള്‍ക്കൊടുവില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് താന്‍ ഒരുക്കമല്ലെന്ന് താന്‍ തീര്‍ത്തു പറഞ്ഞിട്ടുമുണ്ട്.

അതിനു ശേഷമാണ് ഞാന്‍ പഠിച്ചത്. അത്തരം സിനിമകള്‍ ചെയ്യേണ്ടെന്നു തീരുമാനിച്ചു. അതിന് എനിക്ക് ഒരുപാടു സമയമെടുത്തു. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കാസ്റ്റിങ് കൗച്ചിങ്ങിന് ഒരുക്കമല്ലാതിരുന്നതിനാല്‍ പലരും എന്നെ ബാന്‍ ചെയ്തു. ഇപ്പോള്‍ 25 സിനിമകള്‍ക്കു ശേഷം ഞാനെന്റെ സ്വന്തം കാലില്‍ നില്‍ക്കുന്നു. ഇതിനോടകം നല്ല 25 നിര്‍മ്മാതാക്കള്‍ക്കും നല്ല സംവിധായകര്‍ക്കുമൊപ്പം ജോലി ചെയ്യാനായി. അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 29ാമത്തെ സിനിമയ്ക്ക് കരാറും ഒപ്പിട്ടു. ഞാന്‍ സന്തോഷവതിയാണ്.' വരലക്ഷ്മി പറഞ്ഞു.

'കോംപ്രമൈസ് ചെയ്യുമോ എന്നു ചോദിച്ച് ആരെങ്കിലും വരികയാണെങ്കില്‍ ഇല്ലെന്നു പറഞ്ഞു തിരിഞ്ഞു നടന്നേക്കുക. അതാണ് എനിക്ക് പറയാനുള്ളത്. അത് സ്ത്രീകള്‍ തന്നെയാണ് നിശ്ചയിക്കേണ്ടത്. ആരെക്കുറിച്ചും വിധി പറയുന്നില്ല. ഒരുപാടു ധൈര്യം വേണം. കരുത്താര്‍ജിക്കണം. മറ്റൊരു വഴി തിരഞ്ഞെടുത്ത് അത്തരം ഓഫറുകള്‍ നിരസിച്ച് നടിയാകാന്‍ കഠിനാധ്വാനം ചെയ്യാം. ഞാന്‍ ചെയ്ത പോലെ.'

Content Highlights : varalakshmi sarathkumar about casting couch bad experiences being a star kid