അടുത്തിടെ വരെ കോളിവുഡിലെ ഗോസിപ് കോളങ്ങളില്‍ പ്രണയജോഡികളെന്ന് കരുതിയിരുന്ന രണ്ട് താരങ്ങളാണ് നടന്‍ വിശാലും നടി വരലക്ഷ്മി ശരത്കുമാറും. തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവുമായി ബന്ധപെട്ട് ശരത്കുമാറുമായി വൈരം നിലനിന്നിരുന്ന സാഹചര്യത്തിലും വിശാലും വരലക്ഷ്മിയുമായുള്ള പ്രണയം ചര്‍ച്ചയായി. എന്നാല്‍ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് വിശാല്‍ തെലുഗ് താരം അനീഷ അല്ല റെഡ്ഡിയുമായി തന്റെ വിവാഹം ഉറപ്പിച്ച വാര്‍ത്ത പുറത്തു വിട്ടത്. 

എങ്കിലും വരലക്ഷ്മിയും വിശാലും നല്ല സൗഹൃദത്തിലാണെന്നായിരുന്നു ആരാധകരുടെ ധാരണ. എന്നാലിപ്പോള്‍ വിശാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി വന്നിരിക്കുകയാണ് വരലക്ഷ്മി. നടികര്‍ സംഘത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ക്യാമ്പയിന്‍ വീഡിയോയില്‍ വിശാല്‍ തന്റെ അച്ഛന്‍ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്നാണ് വരലക്ഷ്മിയുടെ ആരോപണം. ട്വിറ്ററില്‍ പങ്കുവച്ച കത്തിലൂടെയാണ് വരലക്ഷ്മി വിശാലിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നത്. 

ശരത്കുമാറിനെതിരേ വിശാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ വിശാലിന് കഴിഞ്ഞിട്ടില്ലെന്നും ഇത്തരത്തിലുള്ള ചീപ് വീഡിയോ തെളിയിക്കുന്നത് വിശാല്‍ വളര്‍ന്നു വന്ന സാഹചര്യമാണെന്നും നടി തുറന്നടിക്കുന്നു.

"നിങ്ങള്‍ ഒരു പുണ്യാളനാണെന്നു കരുതരുത്. നിങ്ങളുടെ ഇരട്ടത്താപ്പ് ഇന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരു പുണ്യാളനായിരുന്നെങ്കില്‍ ആളുകള്‍ നിങ്ങളുടെ പക്ഷമായ പാണ്ഡവരില്‍ നിന്ന് പുറത്ത് വന്ന് മറ്റൊരു ഗ്രൂപ് തുടങ്ങില്ലായിരുന്നു. നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ അത്ര അഭിമാനിക്കുന്നുണ്ടെങ്കില്‍ അവ ഉയര്‍ത്തിക്കാണിക്കാനാണ് നോക്കേണ്ടത് അല്ലാതെ എന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ല. പ്രത്യേകിച്ചും അദ്ദേഹം ഒന്നിലും ഇടപെടാത്ത സ്ഥിതിക്ക്. 

ഇതുവരെ നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു, ഒരു സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരല്‍പം ബഹുമാനം എനിക്ക് നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് വരെ ഇപ്പോള്‍ നഷ്ടമായിരിക്കുന്നു... നിങ്ങള്‍ നേടിയത് എന്താണോ അത് ഉയര്‍ത്തിക്കാണിക്കുന്ന വീഡിയോ എടുക്കേണ്ടതിനു പകരം വളരെ തരംതാഴ്ന്ന ക്യാമ്പയിന്‍ ആണ് നിങ്ങള്‍ ഉപയോഗിച്ചത്...നിങ്ങള്‍ വെള്ളിത്തിരയ്ക്ക് പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ ഊഹിക്കുന്നു..നിങ്ങള്‍ പറയാറുള്ളത് പോലെ സത്യം നടപ്പാക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. നിങ്ങള്‍ എന്റെ ഒരു വോട്ട് നഷ്ടപ്പെടുത്തിയിരിക്കുന്നു." 

എന്നാല്‍ വരലക്ഷ്മിയുടെ ആരോപണങ്ങള്‍ക്ക് വിശാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല 

varalakshmi

Content Highlights : Varalakshmi Against Vishal Says He Is Not A Saint, Vishal Nadigar Sangham Election Campaign against sarathkumar