തമിഴ് നടനും നടികര്‍ സംഘം തമിഴ് സിനിമാ നിര്‍മാതാക്കളുടെ കൗണ്‍സില്‍ തലവനുമായ വിശാല്‍ വിവാഹിതനാകുന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. വിശാലിന്റെ പിതാവും നിര്‍മാതാവുമായ ജി.കെ റെഡ്ഡിയാണ് മകന്റെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വിശാലിന്റെ വധു. 

വിശാലും നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയും പ്രണത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഒരിടയ്ക്ക് ശക്തമായിരുന്നു. നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പിന്റെ സമയത്ത് ശരത്കുമാറും വിശാലും ഏറ്റുമുട്ടിയപ്പോള്‍ വരലക്ഷ്മിയുടെ പിന്തുണ വിശാലിനായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച വിശാല്‍ വരലക്ഷ്മിയെ വിവാഹം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇരുവരും ഈ വാര്‍ത്തകളെ ചിരിച്ച് തള്ളുകയാണ് ചെയ്തത്. 

വിശാലിന്റെ വിവാഹത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് വരലക്ഷ്മി. വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. വിശാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആ പെണ്‍കുട്ടിയെ എനിക്ക് അറിയാം. നടികര്‍ സംഘത്തിന്റെ കെട്ടിടം പണി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം വിവാഹം കഴിക്കൂ- വരലക്ഷ്മി പറഞ്ഞു. 

വിശാലിന്റെ ഏറ്റവും പുതിയ ചിത്രം സണ്ടക്കോഴി രണ്ടില്‍ പ്രതിനായക വേഷത്തിലെത്തിയത് വരലക്ഷ്മിയായിരുന്നു. വരലക്ഷ്മിയെ വിശാല്‍ വിവാഹം ചെയ്യുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ആരാധകരെയും തമിഴ് സിനിമാ പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ടാണ് വിശാലിന്റെ വിവാഹവാര്‍ത്ത പുറത്തു വന്നത്.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റായ വിശാലിനെ അടുത്തിടെ കൗണ്‍സിലിനകത്തെ ആഭ്യന്തരപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പുറത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 20-നാണ് ചെന്നൈ ടി നഗറിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിന് മുന്നിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിശാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

വിശാല്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിര്‍മ്മാതാക്കള്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ വിശാല്‍ പൂട്ട് പൊളിച്ച് ഓഫിസിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് സംഭവങ്ങള്‍ വിശാലിന്റെ അറസ്റ്റില്‍ കലാശിച്ചത്

Content Highlights:  Varalakshmi admits knowing vishal  Hyderabad Lover anisha  Vishal wedding