ടി വനിത വിജയകുമാർ ഭർത്താവ് പീറ്റർ പോളിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. പീറ്റർ പോൾ മദ്യപിച്ചെത്തി വനിതയോടെ് അപമര്യാദയായി പെരുമാറിയെന്നും തുടർന്ന് ഇരുവരും വഴക്കിട്ടുവെന്നും ദേഷ്യത്തിൽ വനിത പീറ്ററിനോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇത് വലിയ ചർച്ചയായതോടെ പ്രതികരണവുമായി വനിതയും രം​ഗത്ത് വന്നിരുന്നു. 

പീറ്റർ അമിതമായ മദ്യപാനത്തിനും പുകവലിക്കും അടിമയായിരുന്നുവെന്നും അതിനെത്തുടർന്ന് ആരോ​ഗ്യ പ്രശ്നങ്ങൾ രൂക്ഷമാവുകയും പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തിനെയും മകനെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിച്ചില്ലെന്നും വനിത വ്യക്തമാക്കിയിരുന്നു. ഡോക്ടർമാരുടെ നിർദേശമനുസരിക്കാതെ വീണ്ടും പുകവലി തുടങ്ങിയ പീറ്ററിനെ ആശുപത്രിയിൽ നിന്ന് ഇറക്കാനും മറ്റുമായി 15 ലക്ഷത്തോളം തനിക്ക് ചിലവായെന്നും വനിത പറഞ്ഞിരുന്നു. 

ഇപ്പോൾ‌ പീറ്ററിന്റെ ആ​ദ്യ ഭാര്യ എലിസബത്തിനോട് ക്ഷമ ചോ​ദിച്ചിരിക്കുകയാണ് വനിത. താനേതെങ്കിലും തരത്തിൽ വിഷമിപ്പിച്ചുവെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും പീറ്ററിന്റെ മദ്യപാനാസക്തി കാരണം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ തനിക്ക് മനസിലാക്കാനാവുമെന്നും വനിത പറഞ്ഞു. പീറ്ററുമായി വീണ്ടും ഒന്നിക്കാൻ കഴിയുമെങ്കിൽ അതിന് ശ്രമിക്കണമെന്നും താൻ ഒരിക്കലും അവരുടെ ജീവിതത്തിൽ ഇടപെടാൻ വരില്ലെന്നും വനിത കൂട്ടിച്ചേർത്തു.

പീറ്റർ‌ പോളുമായുള്ളത് വനിതയുടെ മൂന്നാം വിവാഹമായിരുന്നു. ജൂൺ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. പീറ്ററിന്റെ മദ്യപാനം തന്റെ വിവാഹജീവിതത്തെ വീണ്ടും തകർത്തുവെന്ന് വനിത ആരോപിച്ചു. 

വനിത ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ്

ഞാൻ ഒരു കുടുംബം തകർത്തുവെന്ന് പറയുന്നവരോട്, ഞാൻ ആരുടെയും കുടുംബം തകർക്കുകയായിരുന്നില്ല, രണ്ടുവർഷങ്ങളായി കുടുംബം ഇല്ലാതിരുന്ന ഒരാൾക്കൊപ്പം ചേർന്ന് ഞാൻ ഒരു പുതിയ ലോകം കെട്ടിപ്പടുത്തു. ഈ കോവിഡിന്റെ കെട്ടകാലത്ത് ഞങ്ങൾ ജീവിതം ആരംഭിച്ചു ഒരുപാട് സ്നേഹിച്ചു സന്തോഷിച്ചു. ഞങ്ങൾക്ക് ചുറ്റും സോഷ്യൽ മീഡിയ സർക്കസും സജീവമായിരുന്നു.

ഞങ്ങളെ ആർക്കും പിരിക്കാനാകില്ലെന്ന് കരുതി. ആ​രോ​ഗ്യപ്രശ്നത്തെ തുടർന്ന് എനിക്ക് അദ്ദേഹത്തെ നഷ്ടമാകുമെന്ന് കരുതി. എന്നാൽ ദെെവം കരുണയുള്ളവനാണ് എനിക്ക് അദ്ദേഹത്തെ തിരികെ നൽകി. പ്രിയപ്പെട്ടവർക്ക് രോ​ഗം വരുമ്പോൾ ജീവിതം കീഴ്മേൽ മറിയും. അവരുടെ ആരോ​ഗ്യനില മെച്ചപ്പെടുത്തുക എന്നത് മാത്രമായിരിക്കും പിന്നീട് നമ്മുടെ ലക്ഷ്യം. എനിക്ക് അദ്ദേഹത്തെ നഷ്ടപ്പെടുത്തത് ഒരിക്കലും സഹിക്കാൻ കഴിയില്ല. ഇന്നും അതങ്ങിനെ തന്നെ.

ജീവിതത്തിൽ ‍ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ല. സത്യസന്ധയായിരുന്നു, ജനങ്ങളിൽ നിന്ന് ഒന്നും മറച്ചുവച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഏറെ നിര്‍ണായകമായ ഒരു അവസ്ഥയിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നതെന്ന് പറയുന്നു. എന്റെ ഹൃദയം വേദന കൊണ്ട് നീറുകയാണ്. ജീവിതത്തിൽ എനിക്ക് എപ്പോഴും വേണ്ടിയിരുന്ന ഒരേയൊരു കാര്യം സ്നേഹമായിരുന്നു. അതുകൊണ്ടു തന്നെ അത് നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാനാകില്ല. എന്നിരുന്നാലും ഞാൻ വളരെ ശക്തയായ ഒരു സ്ത്രീയാണ്. എല്ലാ വീഴ്ചകളെയും അതിജീവിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒരിക്കലും എന്റെ കുട്ടികളുടെ ഭാവിയെ ബാധിക്കാതെ ശ്രദ്ധിച്ചിട്ടുണ്ട്. ഈ മീഡിയ സർക്കസും പരിഹാസങ്ങളും വ്യാജ പ്രചരണങ്ങളും ഞാൻ അർഹിക്കുന്നില്ല. പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നേക്കാമെന്ന് അവസ്ഥയിലാണ് ഞാനിപ്പോൾ, എന്നെ വെറുതേ വിടൂ.  എന്നെയും കുടുംബത്തെയും വേദനിപ്പിക്കുന്ന കാര്യങ്ങൾ ഇനിയും പടച്ചു വിടരുത്. എന്നിരുന്നാലും ഞാൻ തളർന്നുപോവുകയില്ല. ഇതും കടന്നുപോകും. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ അവസാനിപ്പിക്കുകയാണ്- വനിത വ്യക്തമാക്കി. 

Content Highlights : Vanitha Vijayakumar apologizes to Peter Paul's wife