ഴ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങി നടി വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്റെ നായികയായാണ് താരത്തിന്റെ തിരിച്ചുവരവെന്നതാണ് ശ്രദ്ധേയം. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്തുവെച്ച് നടന്നു. 'ദി ക്രിമിനൽ ലോയർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്രൈം ത്രില്ലറാണ്.

‘വീണ്ടും മലയാളിപ്രേക്ഷകരെ കാണാൻ പോകുന്നു എന്നതിൽ വളരെ സന്തോഷം. അത് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നതും കൂടുതൽ സന്തോഷം. ഇങ്ങനെയൊരു കഥാപാത്രത്തിനു വേണ്ടി വാണി ചേച്ചി കാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അങ്ങനെയല്ല. എന്റേതായ ചില കാര്യങ്ങൾക്കുവേണ്ടി സിനിമ മാറ്റിവച്ചു എന്നു മാത്രം. തിരിച്ചുവന്നപ്പോൾ അതൊരു നല്ല കഥാപാത്രത്തിലൂടെയായി.

ത്രില്ലർ–ക്രൈം സിനിമകളുടെ ആരാധികയാണ് ഞാൻ. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഈ ചിത്രം ചെയ്യാമെന്ന് കരുതി. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും (ബാബുരാജ്) നല്ലൊരു കഥാപാത്രമാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ജോജി എന്നീ സിനിമകളിലെ വേഷങ്ങൾപോലെ നിങ്ങൾ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്. 'മാന്നാർ മത്തായി'യ്ക്ക് ശേഷം അവിടുന്നങ്ങോട്ട് എനിക്ക് നിങ്ങൾ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമകൾ മാത്രം കാണുന്ന മലയാളിപ്രേക്ഷകർക്കിടയിൽ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങൾ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാൻ. ആ എന്നെ ഇനിയും പിന്തുണയ്ക്കണം.’–വാണി പറഞ്ഞു.

നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ് മോഹനാണ്. തേർഡ് ഐ മീഡിയ മേക്കേഴ്സിൻറെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. മലയാളത്തിൽ 2014ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി 2വിലാണ് വാണി അവസാനം അഭിനയിച്ചത്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് താരം എത്തിയത്.

Courtesy: Kerala Live

content highlights : vani viswanath back to cinema with Baburaj The criminal lawyer movie