വൈക്കം വിജയലക്ഷ്മി ഇപ്പോള്‍ ഒരു പാട്ടുകാരി മാത്രമല്ല. തകര്‍ന്നുപോവുമായിരുന്ന ഒരു ജീവിതത്തെ പാട്ടുംപാടി തിരിച്ചുപിടിച്ചവളാണ്. വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നിശ്ചയിച്ചുറപ്പിച്ച കല്ല്യാണം പുല്ലുപോലെ വേണ്ടെന്നുവച്ചവളാണ്. ഇപ്പോള്‍ നട്ടെല്ലുള്ള പെണ്ണിന്റെ പ്രതീകകമാണ്.

പക്ഷേ, വിജയലക്ഷ്മി പറയുന്നു; അതൊന്നും അത്ര എളുപ്പമുള്ള തീരുമാനങ്ങളായിരുന്നില്ല. കല്ല്യാണത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് പറഞ്ഞപ്പോള്‍ ഭീഷണിയും വിരട്ടലുമെല്ലാം ഉണ്ടായെന്ന് മാര്‍ച്ച് ലക്കം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയലക്ഷ്മി പറഞ്ഞു. 

പത്രത്തിലെ വൈവാഹിക പംക്തിയില്‍ നിന്ന് ലഭിച്ച 600 അപേക്ഷകളില്‍ നിന്നാണ് ഇയാളെ തിരഞ്ഞെടുത്തത്. എന്റെ സംഗീതത്തിനൊപ്പം നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചതാണ്. എന്നാല്‍, നിശ്ചയം കഴിഞ്ഞതോടെ മട്ടുമാറി. അവരരുടെ വീട്ടില്‍ നില്‍ക്കണമെന്നായി. പാട്ടുടീച്ചറായി ജോലി ചെയ്യണമെന്നായി. കാഴ്ചയില്ലാത്തതിന്റെ പേരില്‍ കുത്തിനോവിച്ച് ആത്മവിശ്വാസം കെടുത്തിത്തുടങ്ങി. ഇതോടെയാണ് കല്ല്യാണത്തില്‍ നിന്ന് മാറാന്‍ തീരുമാനിച്ചത്.

ആദ്യമൊക്കെ ദേഷ്യവും ഭീഷണിയും വിരട്ടലുമുണ്ടായി. അമ്മാവന്മാരൊക്കെ ഇടപെട്ടു. എല്ലാവരെയും കാര്യങ്ങള്‍ പറഞ്ഞ് ബോധിപ്പിച്ചു. ഇപ്പോള്‍ ഒരുപാട് സമാധാനമുണ്ട്. സംഗീതമാണ് ഇതിനൊക്കെ എനിക്ക് ശക്തി തന്നത്-വിജയലക്ഷ്മി പറഞ്ഞു. വിവാഹത്തില്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍ അതിന് നിന്നുകൊടുക്കരുതെന്നും പുരുഷന്‍ പറയുന്നത് കേട്ട് കീഴ്‌പ്പെടേണ്ട കാര്യമില്ലെന്നും അതിനുള്ള തന്റേടം കാണിക്കണമെന്നും വിജയലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍ വായിക്കാം