കൊച്ചി: ലോക റെക്കോഡ് ലക്ഷ്യമിട്ട് ഗായത്രിവീണക്കച്ചേരിയുമായി ഗായിക വൈക്കം വിജയലക്ഷ്മി. മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് മരട് ഹോട്ടല്‍ 'സരോവര'ത്തിലാണ് പരിപാടി. ഗായത്രിവീണയില്‍ 51 ഗാനങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ വായിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിജയലക്ഷ്മി പത്ര സമ്മേളനത്തില്‍ പറഞ്ഞു. 

രാവിലെ 10 മുതല്‍ ഒരു മണി വരെ ശാസ്ത്രീയ സംഗീതവും ഒരു മണി മുതല്‍ മൂന്ന് വരെ വിവിധ ഭാഷാ ചലച്ചിത്രഗാനങ്ങളും അവതരിപ്പിക്കും. സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയിലേക്കായി പുഴ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിദാസ് എറവക്കാട് രചിച്ച് ആനന്ദ് കൃഷ്ണ സംഗീത സംവിധാനം നിര്‍വഹിച്ച പുഴ പറഞ്ഞത് എന്ന കവിതാ സമാഹാരത്തിന്റെ വീഡിയോ പ്രകാശനവും ഇതോടൊപ്പം നടക്കും. 

പത്ര സമ്മേളനത്തില്‍ വിജയലക്ഷ്മിയുടെ പിതാവ് വി. മുരളീധരന്‍, പരിപാടിയുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആനന്ദ് കൃഷ്ണ, സെന്തില്‍ കുഴല്‍മന്ദം തുടങ്ങിയവര്‍ പങ്കെടുത്തു.