കോട്ടയം: ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷാണ് വരന്‍. മാര്‍ച്ച് 29ന് രാവിലെ 9നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ് വിവാഹം. സന്തോഷ് ഹോട്ടല്‍ മാനേജ്മെന്റ് പഠനശേഷം ബഹ്റൈനില്‍ ജോലി ചെയ്തുവരുന്നു.

'മാതൃഭൂമി'യില്‍ നല്‍കിയ വിവാഹപരസ്യത്തിലൂടെ വന്ന ആലോചനയില്‍നിന്നാണ് വരനെ കണ്ടെത്തിയതെന്ന് വിജയലക്ഷ്മിയുടെ അച്ഛന്‍ മുരളീധരന്‍ പറഞ്ഞു. കാഴ്ചയക്ക് വൈകല്യമുള്ള വൈക്കം സ്വദേശിനിയായ ഗായികയ്ക്ക് വരനെ തേടുന്നുവെന്ന പരസ്യം കണ്ട് നിരവധി ആലോചനകള്‍ വന്നിരുന്നു.

അപേക്ഷകരില്‍ നിന്ന് ഭക്തനും സംഗീതപ്രേമിയുമായ സന്തോഷിനെ വിജയലക്ഷ്മിയും കുടുംബവും തിരഞ്ഞെടുക്കുകയായിരുന്നു. ഡിസംബര്‍ 14ന് വിവാഹനിശ്ചയം നടക്കും.