ധനുഷ്-വെട്രിമാരന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ വടചെന്നൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു. വടക്കന്‍ ചെന്നൈയിലെ ആളുകളുടെ 35 വര്‍ഷത്തെ ജീവിതമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഒരു ദേശീയതല ക്യാരംസ് കളിക്കാരന്റെ വേഷത്തിലാണ് ധനുഷ് ചിത്രത്തില്‍ എത്തിയത്. എ. സുബാസ്‌കാരന്‍, ധനുഷ്, വെട്രിമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 2018 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. 

50 കോടിയിലേറെ വരുമാനം നേടിയ വടചെന്നൈയുടെ രണ്ടാം ഭാഗം ഒരുക്കുമെന്ന് കുറച്ചു നാളുകള്‍ക്ക് മുന്‍പ് വെട്രിമാരന്‍ പ്രഖ്യാപിച്ചിരുന്നു. 20 ശതമാനത്തിലേറെ ഷൂട്ടിങ്ങും പൂര്‍ത്തിയായിരുന്നു. എന്നാല്‍ രണ്ടാംഭാഗം ഉപേക്ഷിക്കുകയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 

വടചെന്നൈയുടെ ആദ്യഭാഗം പുറത്തിറങ്ങയതിന് തൊട്ടുപിന്നാലെ വടക്കന്‍ ചെന്നൈയിലെ മത്സ്യതൊഴിലാളികള്‍ ചിത്രത്തിനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു അവരുടെ ആരോപണം. രണ്ടാംഭാഗം അവിടെ തന്നെ ചിത്രീകരിക്കുന്നത് എളുപ്പമാകില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് സംവിധായകന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയത്. ആദ്യഭാഗത്തില്‍ വേഷമിട്ട ചില അഭിനേതാക്കള്‍ മറ്റു ചിത്രങ്ങളുടെ തിരക്കിലാണ്. അതുകൊണ്ടു തന്നെ വടചൈന്നൈ 2 പ്രയോഗികമല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടു. 

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ അസുരന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. അസുരന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ്. തനു ആണ് ചിത്രം നിര്‍മിക്കുന്നത്.  

Content Highlights: vadachennai 2 shelved Dhanush Vetrimaran movie,  Asuran, Manju Warrier, Movie release