കൊച്ചി: തന്നെ പോലീസ് അറസ്റ്റ് ചെയ്തു എന്ന തരത്തിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിച്ച് സംവിധായകൻ വി.എ ശ്രീകുമാർ. ശ്രീവത്സം ഗ്രൂപ്പിൽനിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ശ്രീകുമാറിനെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വാർത്തകൾ പ്രചരിച്ചത്.

തന്റെ അഡ്വർട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ദീർഘകാല അടിസ്ഥാനത്തിൽ വായ്പ എടുക്കുകയും നിക്ഷേപങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ടെന്നും കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട്  ഉണ്ടായ വ്യവഹാരത്തിന് കൃത്യമായി ഹാജരാകുന്നതിൽ വീഴ്ച്ചവന്നെന്നും ശ്രീകുമാർ പത്രക്കുറിപ്പിൽ പറയുന്നു. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങൾ വായ്പാദായകന് ബോധ്യപ്പെടുകയും തുടർന്ന് ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയിൽ വെച്ച് കേസ് അദ്ദേഹം പിൻവലിക്കുകയും ചെയ്തെന്നും ശ്രീകുമാർ വ്യക്തമാക്കി.

ശ്രീകുമാറിന്റെ പത്രക്കുറിപ്പ്

ഞാൻ 30 വർഷത്തോളമായി അഡ്വെർട്ടൈസിങ് ആൻഡ് ബ്രാൻഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. എന്റെ അഡ്വർട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ദീർഘകാല അടിസ്ഥാനത്തിൽ വായ്പ എടുക്കുകയും നിക്ഷേപങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്.

വായ്പകൾ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങൾ ലാഭസഹിതം മടക്കിക്കൊടുക്കുകയുമാണ് പതിവ്. കോവിഡ് മഹാമാരിയെ തുടർന്ന് സാധാരണക്കാർ മുതൽ ആഗോള ബിസിനസ് ഭീമന്മാർ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പരസ്യ വിപണിയെ ആദ്യവും അധികവും ഈ പ്രതിസന്ധി ബാധിച്ചു. പല പരസ്യ കമ്പനികളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. ആഗോള- പ്രാദേശിക തലത്തിൽ മാധ്യമ സ്ഥാപനങ്ങളേയും പരസ്യ രംഗത്തെ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ വായപാ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലഷൻ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ വ്യവഹാരത്തിൽ കൃത്യമായി ഹാജരാകുന്നതിൽ വീഴ്ചവന്നു. കേസിൽ ഹാജരാകുന്നതിൽ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടർന്ന്, നിയമപരമായ നടപടികളോട് പൂർണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഇന്ന് ഹാജരാകേണ്ടി വന്നു.

ഇത് രണ്ടു വ്യക്തികൾ തമ്മിലുള്ള വ്യവഹാരമാണ്. ഇതിന് മാധ്യമങ്ങൾ നൽകിയ വലിയ വാർത്താ പ്രാധാന്യം എന്നെ അതിശയപ്പെടുത്തി. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങൾ വായ്പാദായകന് ബോധ്യപ്പെടുകയും തുടർന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയിൽ വെച്ച് കേസ് അദ്ദേഹം പിൻവലിക്കുകയും ചെയ്തു. അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂർണമായി അവസാനിക്കുകയും ചെയ്തു.

പ്രസ്തുത വ്യവഹാരത്തിന് സിനിമാ നിർമ്മാണവുമായി യാതൊരു ബന്ധവുമില്ല. ഞാൻ സിനിമാ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ആളുമല്ല. എനിക്ക് സിനിമയുടെ സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളത്.

ഇതുവരെ എന്നോട് സ്നേഹിച്ച് സഹകരിച്ച എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും നന്ദി. കോവിഡ് മഹാമാരിയിൽ എന്നെപ്പോലെ പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് ബിസിനസുകാരുണ്ട്. കോടിക്കണക്കിന് സാധാരണ ജനങ്ങളുണ്ട്. മനോധൈര്യം കൈവിടാതെ ഈ ബിസിനസ്- തൊഴിൽ- ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ എല്ലാവർക്കും കഴിയണമേയെന്ന് പ്രാർത്ഥിക്കുന്നു.

രാവിലെ പ്രചരിച്ച വാർത്തയിലെ അവാസ്തവങ്ങൾ തിരുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന്
വി.എ ശ്രീകുമാർ

Content Highlights : VA Shrikumar On cheating case and arrest Odiyan movie director