ന്ത്യയിലെ ഏറ്റവും വലിയ ചിത്രമായ രണ്ടാമൂഴം ഒരുക്കാന്‍ തയ്യാറെടുക്കുന്ന വി.എ ശ്രീകുമാര്‍ മേനോന് അധികം അറിയാത്ത ഒരു ഭൂതകാലമുണ്ട്. പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനാകുകയും ഇപ്പോള്‍ ഒടിയനിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ഈ സംവിധായകന്റെ കഥ ചിലപ്പോള്‍ പലര്‍ക്കും പ്രചോദനമായേക്കാം. കപ്പ ടി.വിയുടെ ഹാപ്പിനെസ് പ്രൊജക്ടിലാണ് ശ്രീകുമാര്‍ മേനോന്‍ തന്റെ ആ പഴയകാലം ഓര്‍ത്തെടുത്തത്. ജീവിതത്തില്‍ എന്ത് പ്രതിസന്ധി വന്നാലും തരണം ചെയ്യാനുള്ള ഊര്‍ജ്ജം തനിക്ക് ഭൂതകാലത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍

ഭയപ്പെട്ടാണ് ഞാന്‍ ഒരു പതിനാല് കൊല്ലം ജീവിച്ചത്. ഞാന്‍ കാരണം ദുഖിക്കുന്ന എന്റെ കുടുംബത്തിന്റെ ഗതിയോര്‍ത്തായിരുന്നു അത്. എന്നെ വിശ്വസിച്ച് വിവാഹം കഴിച്ച എന്റെ ഭാര്യ, ഞങ്ങളുടെ ചെറിയ കുഞ്ഞ്,  ആരുടെയും മുന്‍പില്‍ തലകുനിക്കാതെ ജീവിച്ച അച്ഛന്റെയും അമ്മയുടെയും അവസ്ഥ എല്ലാം ഓര്‍ത്ത് ഭയമായിരുന്നു. കടബാധ്യതയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഞാന്‍ വീണ്ടും കടംവാങ്ങി. കടക്കാരെ പേടിച്ച് എന്റെ വീടിന് പുറകിലുള്ള വീട്ടില്‍ ബൈക്ക് വച്ച് മതിലുചാടി അടുക്കള വാതിലിലൂടെയാണ് ഞാന്‍ വീട്ടിലേക്ക് കയറിയത്. മാസങ്ങളോളം. കടക്കാര്‍ വീട്ടില്‍ വരുമായിരുന്നു. ഭയം ഒരു ഘട്ടത്തില്‍ ധൈര്യമായി മാറി. ജീവിതത്തില്‍ വാശി തോന്നി. എനിക്ക് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പലതും തെളിയിക്കണമായിരുന്നു എന്നോടും. 

എത്രയോ രാത്രികളില്‍ ഞാന്‍ പാലക്കാട് കോട്ടമൈതാനത്ത് ഇരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഒരുപാട് കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ആത്മവിശ്വാസം ലഭിക്കാന്‍ ആരെയും ആശ്രയിച്ചിട്ട് കാര്യമില്ല. അങ്ങനെയാണ് ആത്മീയതയിലേക്ക് കടക്കുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്ത് കമ്മ്യൂണിസവും എസ്.എഫ്.ഐയും എന്റെ തലയ്ക്കു പിടിച്ചിരുന്നു. പക്ഷേ ഞാന്‍ ദൈവ നിഷേധി ആയിരുന്നില്ല. ആത്മീയതയാണ് എന്റെ ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ എന്നെ സഹായിച്ചത്. ദൈവം തന്നെ ധൈര്യമാണ് എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയത്. ഒരു ഉത്സവപിരിവിന് പോയപ്പോഴാണ് ഞാന്‍ കല്യാണ്‍ സാമിയെ ആദ്യമായി കാണുന്നത്. അത് എന്റെ ജീവിതം മാറ്റിമറിച്ചു. 

രണ്ടാമൂഴം

എന്റെ പതിനാല് കൊല്ലത്തെ ദുഖത്തെ എല്ലാം തേച്ചു മാച്ചു കളഞ്ഞത് എം.ടി (എം.ടി  വാസുദേവന്‍ നായര്‍) സാറിന്റെ ഒരു 'യെസ് 'ആയിരുന്നു. അദ്ദേഹം രണ്ടാമൂഴം എനിക്ക് ചെയ്യാന്‍ അനുവാദം തന്നതിന്. മൂന്നരമാസം കൊണ്ടാണ് അദ്ദേഹം സ്‌ക്രിപ്റ്റ് എഴുതിയത്. ഇപ്പോഴും ഓര്‍ക്കുന്നുണ്ട് അദ്ദേഹം ആ സ്‌ക്രിപ്റ്റ് എന്റെ കയ്യില്‍ തന്നത്. എന്റെ മോളും ഒപ്പം ഉണ്ടായിരുന്നു. ആ സ്‌ക്രിപ്റ്റ് കയ്യില്‍ വച്ചു തന്നപ്പോള്‍ എനിക്ക് വല്ലാത്ത ഭാരം തോന്നി. ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു സാര്‍ ഞാന്‍ ഈ സിനിമ എടുത്ത് നശിപ്പിക്കില്ല. ഒരു സിനിമ പോലും ചെയ്യാത്ത എന്നെ അദ്ദേഹം വിശ്വസിച്ചു. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ പലരും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്. 

മഞ്ജുവിന്റെ തിരിച്ചുവരവ്

മഞ്ജുവിന് എന്നില്‍ ഒരു വിശ്വാസം ഉണ്ടായിരിക്കാം. അത് എനിക്ക് അറിയില്ല. ഞാന്‍ മഞ്ജുവിന് വേണ്ടി പരസ്യം ചെയ്യാനൊരുങ്ങിയപ്പോള്‍ അവര്‍ അതിന് തയ്യാറായത് അതുകൊണ്ടായിരിക്കാം. ഞാന്‍ മഞ്ജുവിനെ ഉപദ്രവിക്കില്ലെന്നും നല്ലത് മാത്രമേ ചെയ്യുകയുള്ളൂ എന്നും തോന്നിയിരിക്കാം. മഞ്ജുവിന്റെ വിശ്വാസം കാക്കേണ്ടത് എന്റെ കടമയാണ്. നമ്മള്‍ ഒരാള്‍ക്ക് വാക്ക് കൊടുത്താല്‍ അതില്‍ നിന്ന് പിന്‍മാറാന്‍ പാടില്ലല്ലോ. പിന്‍മാറണം എങ്കില്‍ അവരും ഞാനും കൂടി തീരുമാനിക്കണം. ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന് എനിക്കറിയം. എന്നെപ്പറ്റി ഞാന്‍ എന്ത് ചിന്തിക്കുന്നു എന്നതാണ് എന്റെ വിഷയം. മറ്റുള്ളവരെക്കുറിച്ച് ഞാന്‍ ആലോചിക്കാറില്ല.