ടി മഞ്ജു വാര്യര്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒടിയനെ പിന്തുണച്ച് മഞ്ജു സാമൂഹിക മാധ്യമത്തില്‍ ഒരു പോസ്റ്റ് പോലും ചെയ്തില്ലെന്നും അവര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ വരുത്തി വയ്ക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഒടിയനുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ന്യൂസ് 18 ചാനലിലോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളില്‍ മഞ്ജു പലരെയും കൈവിട്ടുവെന്നും  സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലൂ.സി.സിയെ കൈവിട്ടത് ശരിയായില്ലെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

മഞ്ജു അവരുടെ ചെറിയ സിനിമകളെപോലും പ്രകീര്‍ത്തിച്ചു പോസ്റ്റ് ഇടുന്നു. അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകള്‍ പ്രമോട്ട് ചെയ്യുന്നു. എന്നാല്‍ ഒടിയന്‍ പോലുള്ളൊരു സിനിമയ്ക്ക് വേണ്ടി അതൊന്നും ചെയ്തില്ല. ഈ ചിത്രം അവരുടെ മുജ്ജന്‍മ ഭാഗ്യമാണ്. മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. അവരുടെ കൂടെ പരസ്യമായി നില്‍ക്കുന്ന ഒരേയൊരു നടന്‍ മോഹന്‍ലാല്‍ ആണെന്നും ശ്രീകുമാര്‍ പറയുന്നു.

മഞ്ജു വാര്യയുടെ നയം അത്ഭുതപ്പെടുത്തുന്നുവെന്നും ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന പല നിലപാടുകളും പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു. 

അവര്‍ സൂമഹത്തില്‍ ഉണ്ടാക്കിയെടുത്ത നിലയും വിലയുമുണ്ട്, അത് കൃത്യമായ നിലപാടുകളിലൂടെ വന്നതാണ്. ഇപ്പോള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് ആരെയെങ്കിലും ഭയന്നിട്ടാണോയെന്നും സംശയമുണ്ട്. എന്നാല്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ അപ്രസക്തമാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നിലാപാടുകള്‍ തിരുത്തണം. മലയാളത്തിലെ മികച്ച അഭിനേത്രിയാണവര്‍. അവരുടെ വില അവര്‍ തന്നെ തിരിച്ചറിയണം- ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. 

വനിതാ മതിലില്‍ മഞ്ജുവെടുത്ത നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. വനിതാ മതിലിനെക്കുറിച്ചു പറയുമ്പോള്‍ അത് തന്റെ അറിവില്ലായ്മ എന്ന് പറയുന്നതില്‍ അര്‍ത്ഥമെന്താണ് അദ്ദേഹം ചോദിക്കുന്നു.

Content Highlights: VA shrikumar menon director against manju warrier odiyan controversy mohanlal