സുരേഷ് ഗോപി എം.പിക്കെതിരേ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ വി.ശിവന്‍കുട്ടി രംഗത്ത്. കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ വട്ടവടയിലുള്ള വീട് സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. വട്ടവടയിലെത്തിയ താരത്തെ കണ്ട് ജനങ്ങള്‍ ചുറ്റും കൂടുകയും സുരേഷ് ഗോപി അവര്‍ക്കൊപ്പം നിന്ന് പകര്‍ത്തിയ സെല്‍ഫികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം. ഒരു നാടാകെ അഭിമന്യുവിനെ ഓര്‍ത്തു വിലപിക്കുമ്പോള്‍ ഇത്തരം കോപ്രായങ്ങള്‍ കാണിക്കാന്‍ എങ്ങനെയാണ് സുരേഷ് ഗോപിക്ക് കഴിയുന്നതെന്ന് ശിവന്‍കുട്ടി ഫെയ്​സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. 

ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

ഇതെന്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഹേ. ഒരു നാടാകെ മുസ്ലിം വര്‍ഗ്ഗീയവാദികള്‍ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓര്‍ത്ത് വിലപിക്കുകയാണ്. ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നല്‍കിയ ആഘാതം താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന കാഴ്ചകള്‍ നവമാധ്യമങ്ങള്‍, മാധ്യമങ്ങള്‍ മുതലായവയില്‍ കാണുകയാണ്.

അപ്പോഴാണ് BJPനേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്ഗോപിയുടെ ഇത്തരം കോപ്രായങ്ങള്‍ കാണാനിടയായത്. എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത്. സെല്‍ഫി
എടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കള്‍ BJP അംഗമായതിന് ശേഷമാകും എന്നാണ് ഞാന്‍ കരുതുന്നത്.

എന്ത് കൊണ്ടെന്നാല്‍ അത്രയേറെ ജീര്‍ണ്ണമായ രാഷ്ട്രീയമാണ് BJP രാജ്യത്ത് ഉയര്‍ത്തുന്നത്. അതിലെ അംഗമായ താങ്കളില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല. ജനങ്ങള്‍ പ്രതികരിക്കും മുന്‍പ് അവിടം വിട്ടാല്‍ നിങ്ങള്‍ക്ക് നല്ലത്.ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാള്‍ക്കും.

suresh

Content Highlights : v sivankutty against suresh gopi abhimanyu murder suresh gopi mp