ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിപ്പോയ നടി മഞ്ജു വാര്യരും സംഘവും ഇന്ന് മടങ്ങില്ലെന്ന് വി മുരളീധരന്റെ ട്വീറ്റ്. റോഡ് ഗതാഗതം പുന:സ്ഥാപിക്കപ്പെട്ടെങ്കിലും ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ ബേസ് ക്യാമ്പിലേക്കില്ലെന്ന് സിനിമാക്കാരില്‍ നിന്നും വിവരം ലഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വീറ്റ് ചെയ്തു.

'ഛത്രു ഗ്രാമത്തിലേക്കുള്ള റോഡ് ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ടെന്ന് മാണ്ടി ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാല്‍  തത്ക്കാലം കോക്‌സാര്‍ ബേസ് ക്യാമ്പിലേക്കില്ലെന്നും ചിത്രീകരണം പൂർത്തിയക്കാൻ കഴിയാഞ്ഞതിനാൽ ഛത്രുവില്‍ തന്നെ തങ്ങുകയാണെന്നും സിനിമാക്കാര്‍ അറിയിച്ചതായി വി മുരളീധരന്‍ ട്വീറ്റ് ചെയ്തു. 

അതേസമയം മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുത്താന്‍ ദൗത്യസേനയെ അയച്ചിരുന്നുവെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഏതാണ്ട് 22 കിലോമീറ്റര്‍ അകലെയുള്ള കോക്സാര്‍ എന്ന സ്ഥലത്താണ് ബേസ് ക്യാമ്പ്. അവിടേക്ക് അവരെ എത്തിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇത്രയും ദൂരം നടക്കേണ്ടി വരും. ഇനി നടക്കാന്‍ കഴിയാത്തവര്‍ക്ക് സ്ട്രച്ചര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സബ് കളക്ടരും അവിടെ എത്തിയിരുന്നു. ഭക്ഷണസാധനങ്ങളും മറ്റും എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

'വാര്‍ത്താ വിനിമയം ദുഷ്‌കരമായ സ്ഥലത്താണ് അവരിപ്പോഴുള്ളത്. ബേസ് ക്യാമ്പിലെത്തിയ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. അവിടെ ഇപ്പോള്‍ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നാണ് എനിക്ക് ലഭിച്ചിരിക്കുന്ന വിവരം. ബേസ് ക്യാമ്പിലെത്തിയാല്‍ വാഹനത്തില്‍ കൊണ്ടുവരാന്‍ സാധിക്കും.'   എന്നായിരുന്നു വി.മുരളീധരന്റെ ട്വീറ്റ് 

 ചോലയ്ക്കു ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇവര്‍ ഹിമാചലില്‍ ഉണ്ട്. സനല്‍കുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. 

Content Highlights : V Muraleedharan latest tweet about manju warrier and group in himachal pradesh not returning to base camp