കേസ് അച്ഛനെ വിഷമിപ്പിക്കുന്നുണ്ടാകുമെന്ന് തോന്നി; എം.ടിയെ രണ്ടാമൂഴം തിരിച്ചേൽപ്പിച്ച് ശ്രീകുമാർ


രണ്ടാമൂഴം പ്രഖ്യാപിച്ച നിമിഷം മുതല്‍ ഒപ്പം നിന്ന എല്ലാവരോടും നന്ദി. എന്റെ മകളോടൊപ്പം തിയറ്ററില്‍ പോയി രണ്ടാമൂഴം കാണണം എന്ന ആഗ്രഹമാണ് എനിക്കിപ്പോഴുമുള്ളത്- വി.എ ശ്രീകുമാർ കുറിച്ചു

രണ്ടാമൂഴം നോവൽ, ശ്രീകുമാർ മേനോൻ എം.ടിയ്ക്കൊപ്പം | ചിത്രം: https:||www.facebook.com|vashrikumar

ണ്ടാമൂഴം സിനിമയെച്ചൊല്ലി എം.ടി വാസുദേവന്‍ നായരുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പായതോടെ തിരക്കഥ തിരിച്ചു നൽകി സംവിധായൻ വി.എ ശ്രീകുമാര്‍. വലിയ ബജറ്റിൽ ഏഷ്യയിലെ ഏറ്റവും വലിയ സിനിമയെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കു മഹാഭാരതം നീങ്ങിയപ്പോള്‍, സ്വാഭാവികമായും കൂടുതല്‍ സമയം ആവശ്യമായിരുന്നു. എന്നാൽ അത് തന്റെ വീഴ്ചയായി ചിത്രീകരിച്ച് എം.ടിയുടെ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കാനും തെറ്റിദ്ധാരണ പെരുപ്പിക്കാനും ചില ആളുകള്‍ ശ്രമിച്ചുവെന്നും വി.എ ശ്രീകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

വി.എ ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ശ്രീകുമാർ

പ്രിയരേ,

എംടി സാറിനെ കണ്ടു. അദ്ദേഹം എനിക്കായി എഴുതിയ രണ്ടാമൂഴത്തിന്റെ തിരക്കഥ ആദരവോടെ തിരിച്ചേല്‍പ്പിച്ചു. പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്താണ് സിനിമയെന്ന മീഡിയത്തോട് അടുത്തത്. ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം തോന്നിയപ്പോള്‍ സാഹിത്യ വിദ്യാര്‍ത്ഥിനിയായ എന്റെ മകള്‍ ലക്ഷ്മിയാണ്, എങ്കില്‍ 'രണ്ടാമൂഴം' എന്ന നിര്‍ദ്ദേശം ആദ്യമായി പറഞ്ഞത്. ജീവിതത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുന്നുളളുവെങ്കില്‍ പോലും അത് രണ്ടാമൂഴമാകണമെന്ന വിത്ത് എന്നില്‍ പാകിയത് അവളായിരുന്നു. അതെന്റെ മകളുടെ ആഗ്രഹമായിരുന്നു. രണ്ടാമൂഴം പ്രസിദ്ധീകരിച്ച കാലത്തു തന്നെ വായിച്ചു വളര്‍ന്നയാളാണ് ഞാന്‍. ഒരു മഹാദൗത്യം ഏറെറടുക്കുകയാണ് എന്ന പൂര്‍ണബോധ്യം എനിക്കുണ്ടായിരുന്നു.

രണ്ടാമൂഴം തിരക്കഥയാക്കാമോ എന്നു ചോദിച്ച് അദ്ദേഹത്തെ മുന്‍പുതന്നെ പല സംവിധായകരും സമീപിച്ചിരുന്നു. അതെല്ലാം മലയാളത്തിലോ, തമിഴിലോ, തെലുങ്കിലോ പ്രാദേശികമായി നിര്‍മ്മിക്കാനുള്ള പദ്ധതികളായിരുന്നു. അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷയില്‍ രണ്ടാമൂഴം സിനിമയാക്കണ്ടെന്ന നിലപാടിലായിരുന്നു എംടി സാര്‍. ഏഷ്യയിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള സിനിമ എന്ന നിലയ്ക്കായിരുന്നു എന്റെ പ്രൊജക്ട്. എംടി സാറിനെ തിരക്കഥയ്ക്കായി ഞാന്‍ ആദ്യം കാണുമ്പോള്‍, രണ്ടാമൂഴം ചെയ്യുകയാണെങ്കില്‍ എങ്ങനെയായിരിക്കും എന്ന പ്രൊജക്ട് റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്. ആ വിഷന്‍ വിശദമായി മനസിലാക്കിയതിനെ തുടര്‍ന്നാണ് എംടിസാര്‍ തിരക്കഥ എഴുതാം എന്നു സമ്മതിക്കുന്നത്. എംടി സാറിന്റെ സ്വപ്നങ്ങളും കൂടി ചേര്‍ന്ന് പ്രൊജക്ട് കൂടുതല്‍ വലുതായിക്കൊണ്ടേയിരുന്നു.

എന്റെ പരസ്യ ഏജന്‍സി മികച്ച ലാഭത്തില്‍ പോകുമ്പോഴും അതെല്ലാം മറന്ന് സിനിമയോട് കൂടുതല്‍ ഞാനടുത്തു. എംടി സാറിന്റെ സ്‌ക്രിപ്റ്റിനു മേല്‍ ഞാനെന്റെ സമ്പാദ്യം നിക്ഷേപിച്ചു. 20 കോടിയോളം രൂപ. ഹോളിവുഡിലെയും ബോളിവുഡിലേയും ഒന്നാം നിര അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അണിനിരന്നു. പ്രീപ്രൊഡക്ഷന്‍ ജോലികളും വിവിധങ്ങളായ ഗവേഷണങ്ങളും പൂര്‍ത്തിയാക്കി.
ലോകത്തിലെ ഏറ്റവും മികച്ച റിസര്‍ച്ച് ഏജന്‍സികള്‍ ഈ പ്രൊജക്ട് വെറ്റ് ചെയ്തു. ബജറ്റ് 1000 കോടി കടന്നപ്പോള്‍, നിര്‍മ്മാതാവിനെ കണ്ടെത്താന്‍ നെട്ടോട്ടമായിരുന്നു. ഇത്ര വലിയ പ്രൊജക്ടിലേയ്ക്ക് നിര്‍മ്മാതാക്കളെ കണ്ടെത്തുന്നത് ഭഗീരഥ പ്രയത്‌നമായിരുന്നു. അങ്ങനെ ഒരാള്‍ വന്നു. അബുദാബിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സിനിമ പ്രഖ്യാപിച്ചു. ആനന്ദകരമായ നിമിഷങ്ങളായിരുന്നു അതെല്ലാം.
ഒരു സിനിമ എന്ന നിലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന നിലയ്ക്കായിരുന്നില്ല പ്രൊജക്ട്. മഹാഭാരതത്തെ ഇതിഹാസ സമാനമായി തന്നെയാണ് സമീപിക്കേണ്ടത് എന്നതാണ് എന്റെ നിശ്ചയം. സിനിമയ്ക്ക് അപ്പുറത്തേയ്ക്കു കൂടിയുള്ള അനേകം സാധ്യതകളുടെ ബൃഹത്തായ പദ്ധതിയാണ് എനിക്ക് അന്നുമിന്നും മഹാഭാരതം.

ലോകത്തിന്റെ ഇതിഹാസം അഭ്രപാളിയില്‍ എത്തേണ്ടത് അതാവശ്യപ്പെടുന്ന എല്ലാ വലിപ്പത്തോടു കൂടിയുമാകണം. ബിഗ് സ്‌ക്രീനിനെക്കാളും ബിഗ്ഗാകണം, എന്നതിനാല്‍ മഹാഭാരതം പ്രൊജക്ട് വളര്‍ന്നു. ആയിരം കോടിയും കടന്ന പദ്ധതിയായി മാറി. ഈ യാത്ര വിചാരിച്ചതിലും നീണ്ടു. വെല്ലുവിളികള്‍ ഒരുപാടായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സിനിമയെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കു നീങ്ങിയപ്പോള്‍, ആ വളര്‍ച്ചയ്ക്ക് കൂടുതല്‍ സമയം സ്വാഭാവികമായും ആവശ്യമായിരുന്നു. എന്റെ സമ്പാദ്യം നിക്ഷേപിച്ചത് ആ വലിയ സ്വപ്നത്തിലേയ്‌ക്കെന്ന ഉത്തമ ബോധ്യത്തോടെയായിരുന്നു.

ഈ കാലയളവില്‍ എംടി സാര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. കാലയളവിലുണ്ടായ താമസം വീഴ്ചയായി ചിത്രീകരിച്ച് അദ്ദേഹത്തിന്റെ മനസിനെ കൂടുതല്‍ കലുഷിതമാക്കാനും തെറ്റിദ്ധാരണ പെരുപ്പിക്കാനും ചില ആളുകള്‍ ശ്രമിച്ചു. ആദ്യം പറഞ്ഞ കാലയളവില്‍ നിന്ന് മാറിയപ്പോള്‍ തന്നെ എംടി സാറിന്റെ ഓഫീസ് നിയമപരമായ സംവാദമാണ് ആരംഭിച്ചത്. സ്വാഭാവികമായി എന്റെ ഓഫീസിനും അതില്‍ പങ്കെടുക്കേണ്ടി വന്നു. വ്യവഹാരത്തിന്റെ ഭാഷ ആ വിഷയത്തിനുണ്ടായതില്‍ വ്യക്തിപരമായി ആദ്യം മുതല്‍ ഞാന്‍ ദുഃഖിതനാണ്. ജയിക്കുക എന്നതോ, നഷ്ടപ്പെട്ട എന്റെ മുടക്കു മുതല്‍ തിരിച്ചു പിടിക്കുക എന്നതോ എന്റെ ലക്ഷ്യമായിരുന്നില്ല. എംടി സാറിനെ പോലൊരു മഹത്തായ ജീവിതത്തോട് വ്യവഹാര ഭാഷ സംസാരിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെട്ടതേയില്ല. കേസ് വന്നപ്പോള്‍ ആദ്യത്തെ നിര്‍മ്മാതാവും കേസ് തീരാത്തതിനാല്‍ രണ്ടാമത്തെയാളും പ്രൊജക്ടില്‍ നിന്നും പിന്മാറി.

എംടി സാറില്‍ നിന്നും രണ്ടാമൂഴം തിരക്കഥയായി ഏറ്റു വാങ്ങിയ ശേഷം ഞാനത് ഏല്‍പ്പിച്ചത് എന്റെ മകളെയാണ്. അച്ഛന്‍ എന്ന നിലയ്ക്ക് അഭിമാനിച്ച ദിവസം. അവളാഗ്രഹിച്ചത് ഇതാ യാഥാര്‍ത്ഥ്യമാകുന്നു. ലാലേട്ടന്‍ ഭീമനിലേയ്ക്ക് പൂര്‍ണ്ണമായും പ്രവേശിച്ചു കഴിഞ്ഞിരുന്നു. ലാലേട്ടന്റെ ഭീമ രൂപം നാമെല്ലാവരും മനസില്‍ കണ്ടു. ലാലേട്ടനല്ലാതെ മറ്റൊരാളെ ഭീമനായി സങ്കല്‍പ്പിക്കാനുമാകില്ല!

വ്യവഹാരം തുടരുന്നതിന് ഇടയിലാണ് എന്റെ അച്ഛന്റെ ശ്രാദ്ധമെത്തിയത്. അന്ന് ഉള്ളിലൊരു തോന്നലുണ്ടായി. അച്ഛന്റെ അടുത്ത സുഹൃത്താണ് എംടി സാര്‍. ഒന്നിച്ചു പഠിച്ചവര്‍. എംടി സാറുമായുള്ള കേസ് അച്ഛനെ വിഷമിപ്പിക്കുന്നുണ്ടാകും എന്നെനിക്കു തോന്നി. എംടി സാറിന് തിരക്കഥ തിരിച്ചേല്‍പ്പിക്കാന്‍ ഞാന്‍ അന്നു തീരുമാനിച്ചതാണ്. ഈ വ്യവഹാരം അവസാനിപ്പിക്കാന്‍ എന്റെ പത്‌നി ഷര്‍മിളയും മകള്‍ ലക്ഷ്മിയും സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. പിന്നീട് അതിനുള്ള ശ്രമങ്ങള്‍ നടത്തി. ഏറ്റവും സ്‌നേഹത്തോടെ വ്യവഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ലാഭനഷ്ടങ്ങളെക്കാളും വലുതാണ് എംടി സാറിന്റെ അനുഗ്രഹവും സ്‌നേഹവും. മകളിലൂടെ തുടങ്ങിയ രണ്ടാമൂഴം പ്രൊജക്ട് അച്ഛന്റെ ഓര്‍മ്മകളോടെ അവസാനിപ്പിക്കുകയാണ്.

രണ്ടാമൂഴം പ്രഖ്യാപിച്ച നിമിഷം മുതല്‍ ഒപ്പം നിന്ന എല്ലാവരോടും നന്ദി. എന്റെ മകളോടൊപ്പം തിയറ്ററില്‍ പോയി രണ്ടാമൂഴം കാണണം എന്ന ആഗ്രഹമാണ് എനിക്കിപ്പോഴുമുള്ളത്. ഇത് പ്രഗത്ഭരായ ആരെങ്കിലും സംവിധാനം ചെയ്തു കാണണം. കോവിഡ് കഴിഞ്ഞാല്‍ അക്കാര്യങ്ങള്‍ ആലോചിക്കുമെന്ന് എംടി സാര്‍ പറഞ്ഞത് ഏറെ സന്തോഷത്തോടെയാണ് കേട്ടത്. രണ്ടാമൂഴത്തിനായി എന്റെ എല്ലാ പ്രാര്‍ത്ഥനകളും സമര്‍പ്പിക്കുന്നു. എംടി സാറിന്റെ രചനയില്‍ ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം അദ്ദേഹത്തോട് മുന്‍പേ അറിയിച്ചതാണ്. അതിപ്പോഴുമുണ്ട്.

ഈ വ്യവഹാരത്തിന് ഇത്തരത്തില്‍ പരിസമാപ്തി ഉണ്ടായത് എന്റെ അടുത്ത സുഹൃത്തും മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറുമായ എ.കെ ബിജുരാജിന്റെ സ്‌നേഹപൂര്‍വ്വമായ ഇടപെടല്‍ മൂലം മാത്രമാണ്. അദ്ദേഹത്തിന് എംടിസാറിനോടും കുടുംബത്തോടുമുള്ള ആത്മബന്ധം ഇക്കാര്യത്തില്‍ തുണയായി. ബിജുവിനോടുള്ള നിസ്സീമമായ സ്‌നേഹവും കടപ്പാടും രേഖപ്പെടുത്തട്ടെ. ഈ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത പുഷ് ഇന്റഗ്രേറ്റഡ് സിഒഒ ഗോകുല്‍ പ്രസാദ്, പിആര്‍ ഡിവിഷന്‍ സിഇഒ എസ്.ശ്രീകുമാര്‍ എന്നിവരേയും സ്‌നേഹപൂര്‍വ്വം സ്മരിക്കുന്നു. ഇതിനു മുന്‍പ് ഒത്തുതീര്‍പ്പിനു വേണ്ടി ശ്രമിച്ച ഫിലിം ചേംബര്‍ ഭാരവാഹികള്‍ അടക്കമുള്ള എല്ലാവര്‍ക്കും നന്ദി.

എംടി സാര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 'വ്യവഹാരയുദ്ധത്തില്‍' അര്‍ജ്ജുനനെ പോലെ തളര്‍ന്നവനാണ് ഞാന്‍. മുന്നില്‍ ആരെന്നു നോക്കാതെ യുദ്ധം ചെയ്യണം എന്ന ഉപദേശം ഞാന്‍ ചെവിക്കൊള്ളുന്നില്ല. യുദ്ധത്തേക്കാള്‍ മികച്ച മാര്‍ഗ്ഗങ്ങളുണ്ട്; പ്രത്യേകിച്ച് കലയില്‍.
എംടി സാറിനോട്

സ്‌നേഹം, ആദരവ്...
വി.എ ശ്രീകുമാര്‍

Content Highlights: V A Sreekumar Director returns Randamoozham script to MT Vasudevan Nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented