മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. താൻ അടക്കമുളള മോഹന്‍ലാല്‍ ആരാധകര്‍ ലൂസിഫര്‍ കണ്ടതിനുശേഷം പൃഥ്വിരാജിന്റെയും ആരാധകരായെന്ന് ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തിലെ മറ്റു അഭിനേതാക്കളായ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ തോമസ് തുടങ്ങിയവരുടെ പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനായിരുന്നു മോഹന്‍ലാലിന്റെ തൊട്ടു മുന്‍പത്തെ ചിത്രം. ചിത്രത്തിന്റെ പേരില്‍ സംവിധായകന്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കരാര്‍ കലാവധി കഴിഞ്ഞതിനാല്‍ ചിത്രത്തിന്റെ തിരക്കഥ തിരിച്ചു ലഭിക്കണം എന്നാവശ്യപ്പെട്ട എം.ടി കോടതിയെ സമീപിച്ചതോടെ ചിത്രം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

രാജാവ് ഒന്നേ ഉള്ളൂ. കേരളത്തില്‍ ലൂസിഫര്‍ എന്ന പേരിലാണ് രാജാവ് ഇപ്പോള്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്‌സ് ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്ന് വീണ്ടും തെളിയിക്കുകയാണ് ലൂസിഫര്‍. പൃഥ്വിരാജ്, ഇന്ന് ഞങ്ങള്‍ ലാല്‍ ഫാന്‍സ് മൊത്തമായും താങ്കളുടെ ഫാന്‍സായി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടന്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ഈ അവതാരപ്പിറവിക്ക്.

മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദര്‍ശിനി രാം ദാസിലൂടെ. വിവേക് ഒബ്റോയ്, ടോവിനോ, പൃഥ്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം. ആന്റണി താങ്കള്‍ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടന്‍ ഫാന്‍. മുരളിയുടെ അതി ഗംഭീരമായ രചന. നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകള്‍ക്ക്. ലുസിഫര്‍ രാജാവ് ബോക്‌സ് ഓഫിസില്‍ നീണാള്‍ വാഴട്ടെ....

 

Content Highlights: v a shrikumar menon appreciate prithviraj sukumaran for Lucifer mohanlal