പാര്‍വതി തിരുവോത്ത് നായികയായെത്തുന്ന ഉയരെ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിന്റെ സംവിധായകന്‍ മനു അശോകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വൈകാരികമായ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയെക്കുറിച്ചാണ് മനു അശോകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്നു മനു. 

മനു അശോകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പിള്ളേച്ചാ..
നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ... എല്ലായിടത്തും നല്ല റിപ്പോര്‍ട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്‌സിങ് ചെയ്ത തീയേറ്ററില്‍ അടക്കം നിങ്ങള്‍ എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ... മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാന്‍... പിള്ളേച്ചന്‍ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏല്‍പ്പിച്ച രണ്ടാളും സെക്കന്‍ഡ് ഷോ വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന്‍ പറ്റുന്നില്ല..miss you badly

കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല പിള്ളേച്ചാ... ലവ് യു..

Manu Ashokan, Rajesh Pillai


ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പാര്‍വതി അഭിനയിക്കുന്നത്. എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെയുടെ നിര്‍മാണം. പാര്‍വതിയെക്കൂടാതെ ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്.  

ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കഷന്‍. 

Content Highlights : Uyare Movie Manu Ashoka Facebook Post Rajesh Pillai Uyare Parvathy Asif Ali Tovino Thomas