അനീഷ് രവി, ഉണ്ണി മുകുന്ദൻ | ഫോട്ടോ: www.facebook.com/IamUnniMukundan, വിവേക് ആർ നായർ | മാതൃഭൂമി
ഉണ്ണി മുകുന്ദന് തനിക്കെന്നും അദ്ഭുതങ്ങൾ തന്നിട്ടുള്ള മനുഷ്യനാണെന്ന് നടൻ അനീഷ് രവി. മാളികപ്പുറം സിനിമ കണ്ടിട്ടുള്ള തന്റെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ആദ്യ ഷോ ഒരുമിച്ച് കാണണം എന്ന് ഏറെ കൊതിച്ചതാ. പക്ഷേ അത് സാധിച്ചില്ല.' അനീഷ് കുറിപ്പില്‍ എഴുതി. സാങ്കേതികമായി മികവ് പുലര്‍ത്തിയ ചിത്രമാണ് മാളികപ്പുറമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ അഭിനേതാക്കളുടെ പേരുകള്‍ എടുത്തു പറഞ്ഞ് അനീഷ് അഭിനന്ദിച്ചു. മാളികപ്പുറത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് ചിത്രത്തിലെ ബാലതാരങ്ങളായിരുന്നു. ഇരുവരും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉണ്ണി മുകുന്ദനോടൊപ്പമുള്ള പല അനുഭവങ്ങളും പങ്കുവച്ചിട്ടുള്ള കുറിപ്പ് അവസാനിക്കുന്നത് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും നന്ദി പറഞ്ഞുകൊണ്ടാണ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഏറെ പ്രിയപ്പെട്ട ഉണ്ണീ ....
നമ്മുടെ കൂട്ടത്തിൽ ഒരു പക്ഷെ ഏറ്റവും ഒടുവിൽ മാളികപ്പുറം സിനിമ കണ്ട ആൾ ഞാൻ തന്നെയാവും. ആദ്യ ഷോ ഒരുമിച്ച് കാണണം എന്ന് ഏറെ കൊതിച്ചതാ പക്ഷെ ..പല കാരണങ്ങളാൽ വൈകി എന്നതാണു സത്യം. കേട്ടറിവുകളിലൂടെ മാളികപ്പുറം എന്ന സിനിമ ഹിറ്റ് കളുടെ 18 മലകളും താണ്ടി ഔന്യത്യത്തിൽ എത്തി നിൽക്കുമ്പോ എന്റെ മനസ്സ് ഓരോ നിമിഷവും ആ ദിവ്യാനുഭൂതിയ്ക്കായ് കാത്തിരിയ്ക്കുകയായിരിന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീയിൽ സെക്കന്റ് ഷോയ്ക്ക് നിറഞ്ഞ സദസ്സിൽ സിനിമ കണ്ടിരിന്നപ്പോൾ വല്ലാത്ത ഒരനുഭവമായിരിന്നു ...!
മാലയിടാതെ വ്രതം നോക്കാതെ മല ചവിട്ടാതെ..മണികണ്ഠ ദർശനം ...! ഒരർത്ഥത്തിൽ അതാണ് മാളികപ്പുറം ...! മറ്റൊരർത്ഥത്തിൽ കല്ലു മോളുടെ സ്വപ്ന സദൃശ്യമായ ഒരാഗ്രഹം ...
ആ ആഗ്രഹത്തിനായി അവൾ ഇറങ്ങി പുറപ്പെടുമ്പോൾ അവളുടെ ആഗ്രഹ സാക്ഷാത്കാരത്തിനായി പ്രപഞ്ചം അവൾക്ക് കൂട്ട് നിൽക്കുന്നു എന്നതാണ്..!മനോഹരമായ സ്ക്രിപ്റ്റ്, മനോഹരമായ സംവിധാനം, മനോഹരമായ എഡിറ്റിങ്, മനോഹരമായ ഛായാഗ്രഹണം. അങ്ങനെ അങ്ങനെ ഓരോ മേഖലയിലെയും പ്രതിഭാ ധനരുടെ അത്യുഗ്രൻ പ്രകടനങ്ങൾ ..!
കല്ലുവും ,പീയുഷും മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. ശ്രീ മനോജ് കെ ജയൻ സൈജു ,പിഷാരടി ,ശ്രീജിത്ത് രവി,TG രവി ചേട്ടൻ ,മനോഹരി ചേച്ചി തുടങ്ങി ഓരോരുത്തരും എത്ര മനോഹരമായി തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി.ഉണ്ണി മുകുന്ദൻ എന്നും എനിയ്ക്ക് അത്ഭുതങ്ങൾ തന്നിട്ടുള്ള ഒരു മനുഷ്യനാണ്. എന്റെ ഓർമ്മയിൽ ഞാൻ ഉണ്ണിയെ ആദ്യം കാണുന്നത് മുംബൈ യിൽ ഒരു അവാർഡ് ദാന ചടങ്ങിൽ വച്ചായിരുന്നു .പുരസ്കാരം ഏറ്റു വാങ്ങി നിറഞ്ഞ ചിരിയോടെ മറുപടി പ്രസംഗം നടത്തുമ്പോൾ തനിയ്ക്കൊപ്പം വന്ന സുഹൃത്തിനെ കുറിച്ച് ഉണ്ണി വാചാലനായി. ഒപ്പം നടന്നതും തന്റെ സിനിമാ സ്വപ്നത്തിനു വഴിയൊരുക്കി അയാൾ കൂടെ നിന്നതും. താൻ അണിഞ്ഞ ആദ്യ വില കൂടിയ ഷൂസ് അയാൾ വാങ്ങി തന്നതാണെന്നുമൊക്കെ പറഞ്ഞ്. പഴയതൊന്നും മറക്കാതെ തന്റെ സുഹൃത്തിനെ കുറിച്ച് വാ തോരാതെ അഭിമാനത്തോടെ ഇഷ്ടത്തോടെ അനുഭവങ്ങൾ പങ്കുവച്ച ഉണ്ണി അന്നാദ്യമായി ഞാനുൾപ്പെടുന്ന സദസ്സിനെ അത്ഭുതപ്പെടുത്തി.
പിന്നീടൊരിയ്ക്കൽ ഒരു വേദിയിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ ഈ സംഭവം വളരെ ഇഷ്ടത്തോടെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു അപ്പോൾ അദ്ദേഹം എന്നോട് ഒരു മറു ചോദ്യം ചോദിച്ചു അനീഷേട്ടന് എന്നെ ഓർമ്മയുണ്ടോ എന്ന്,അദ്ദേഹം എന്റെ പേരെടുത്ത് പറഞ്ഞപ്പോൾ തന്നെ എനിയ്ക്ക് സന്തോഷമായി. 10 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ടുണ്ടെന്നും, അന്ന് ഞങ്ങൾ കുറേ സംസാരിച്ചിരിന്നു എന്നും തുടങ്ങി ഞാൻ ധരിച്ചിരുന്ന ടീ ഷിർട്ടിന്റെ നിറം വരെ പറഞ്ഞ് ഉണ്ണി എന്നെ ഒരിയ്ക്കൽ കൂടി അത്ഭുതപ്പെടുത്തി.
ആ നല്ല നിമിഷങ്ങൾ ഇന്നും മനസിൽ മറക്കാതെ സൂക്ഷിയ്ക്കുന്നു എന്നും കൂടി പറഞ്ഞപ്പോൾ ഞാനറിയാതെ എന്റെ കണ്ണുകൾ നനയാൻ തുടങ്ങി. പ്രശസ്തിയുടെ പടികൾ കൺ മുന്നിലൂടെ ചവിട്ടിക്കയറിയ ആ നന്മയുള്ള മേപ്പടിയാനെ പിന്നെ ഞാൻ കാണുന്നത് സ്റ്റർമാജിക് ന്റെ വേദിയിൽ അന്നും പൊതു വേദിയിൽ ഞങ്ങടെ ആദ്യ കൂടിക്കാഴ്ചയെ പറ്റി ആ മനുഷ്യൻ മനസ്സ് തുറന്ന് പറയുന്നത് കേട്ടപ്പോ വീണ്ടും ഞാൻ അത്ഭുതം കൂറി ...!
ഒരാൾക്ക് ഇത്രയും ഒക്കെ വിശാലമായി ചിന്തിയ്ക്കാനും പെരുമാറാനും പറ്റുമോ ...?
യാത്രപറഞ്ഞു പോകുമ്പോ എന്റെ മനസ്സറിഞ്ഞിട്ടാവണം അന്ന് അദ്ദേഹം കൂട്ടിച്ചേർത്തു "എന്റെ അടുത്ത ചിത്രത്തിൽ ചേട്ടനുണ്ടാവും "എന്ന് ...
അതൊരു വെറും വാക്കായിരുന്നില്ല ...
ഷെഫീക്കിന്റെ സന്തോഷത്തിൽ സുബൈർ ആയി ഞാനഭിനയിച്ചു. അങ്ങനെ പറഞ്ഞ വാക്കു പാലിച്ച് ഉണ്ണി വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. ഇപ്പൊ ..ആപൽ ബാന്ധവനായ അയ്യപ്പ സ്വാമിയായി ,കല്ലു മോളുടെ രക്ഷകനായി ,ഭക്തരുടെ തോഴനായി വെള്ളിത്തിരയിൽ അതീവ തേജസ്സോടെ നന്മയൂറും ചിരിയുമായി നിറഞ്ഞു നിന്നപ്പോ ....സത്യം ...ഭക്തിയും ആദരവും സ്നേഹവും ഇഷ്ടവും അത്ഭുതവും കൊണ്ട് മനസ്സും ശരീരവും കോരിത്തരിച്ചുപോയി ....
"തത്വമസി "
അതെ ...
അത് നീ ആകുന്നു
നന്മയുടെ ,സ്നേഹത്തിന്റെ ,സൗഹൃദത്തിന്റെ ,മനുഷ്യത്വത്തിന്റെ ,പ്രവർത്തിയുടെ പ്രതി രൂപം
അത് നീയാകുന്നു
ഇനി ഞങ്ങൾക്ക് അയ്യപ്പ സ്വാമിയുടെ മുഖം മറ്റൊന്നില്ല ..!
അത്രയേറെ ഞങ്ങളെ അത്ഭുതപ്പെടുത്തി ഉണ്ണിയുടെ പരകായ പ്രവേശം ....
നന്ദി ....!
വിഷ്ണു ശശിശങ്കർ
നന്ദി ...
ആന്റോ ചേട്ടാ ...
ഇത്രയും നല്ല ഒരു സിനിമ ഞങ്ങൾക്ക് സമ്മാനിച്ചതിന് ...!
Content Highlights: Unni Mukundan, Aneesh Ravi, Malikappuram Movie, Malayalam Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..