മുംബൈ: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ പുതിയ മനുഷ്യനാക്കി മാറ്റാന്‍ പിതാവ് ഷാരൂഖ് ഖാന് സാധിക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. 

ചെറുപ്രായത്തില്‍ മയക്കുമരുന്നു ശീലിക്കുന്നത് നല്ലതല്ലെന്നും ആര്യനെ ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ഷാരൂഖ് ഖാനോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി എ.എന്‍.ഐയോട് പ്രതികരിച്ചു.

ആര്യനെ ജയിലില്‍ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം. ഈ രാജ്യത്ത് ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. എല്ലാ ശീലവും മാറിക്കൊള്ളും. ആര്യന് നല്ല ഭാവിയുണ്ട്- രാംദാസ് അത്താവാലെ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗത്തില്‍ അറസ്റ്റിലാകുന്നവരെ ജയിലില്‍ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സയില്‍ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിച്ച കേസില്‍ പിടിയിലായ ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റും നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരം അനന്യ പാണ്ഡെയെ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാനുമായുള്ള വാട്ടസ്ആപ്പ് ചാറ്റാണ് അനന്യയെ കുരുക്കിയത്.

Content Highlights:  Union minister  Ramdas Athawale advice for Shah Rukh Khan about Aryan Khan future, ask him to send de addiction center