മൂന്ന് വര്‍ഷം മുന്‍പ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച രാജ് അമിത് കുമാറിന്റെ അണ്‍ഫ്രീഡം എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ചിത്രം ഇനി ഇന്ത്യയിലും കാണാനാവും.

ലെസ്ബിയന്‍ ബന്ധങ്ങള്‍, ഇസ്ലാമോഫോബിയ, മതതീവ്രവാദം, അസഹിഷ്ണുത എന്നിവ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ ആദില്‍ ഹുസൈനാണ് നായകന്‍. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ചിത്രം നെറ്റ്ഫ്ലിക്സ് പോലുള്ള ജനപ്രിയ മാധ്യമത്തിലൂടെ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ രാജ് അമിത് കുമാര്‍ പറഞ്ഞു. ഇന്ത്യയിലെ സെന്‍സര്‍ഷിപ്പ് സംവിധാനത്തിലെ കാപട്യമാണ് ഇത് വെളിവാക്കുന്നതെന്ന് രാജ് അമിത് കുമാര്‍ പറഞ്ഞു. ഡിജിറ്റല്‍ കാലത്ത് ഇത്തരം നിരോധനങ്ങള്‍ വിഫലമാണ് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയവും മതപരവും ലിംഗപരവുമായ പ്രശ്‌നങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍, ലൈംഗിക സ്വാതന്ത്ര്യം എന്നിവ വിഷയങ്ങളാക്കി ഒരുക്കിയ ത്രില്ലര്‍ ചിത്രമാണ് അണ്‍ഫ്രീഡം. ന്യൂഡല്‍ഹിയിലും ന്യൂയോര്‍ക്കിലും ഇതള്‍വിരിയുന്ന രണ്ട് കഥകളാണ് ചിത്രം പറയുന്നത്. ഒന്നില്‍ സ്വന്തം ലൈംഗിക താത്പര്യങ്ങള്‍ നിവര്‍ത്തിക്കാനായി ഒരു പെണ്‍കുട്ടി രക്ഷിതാക്കളുമായി നടത്തുന്ന പോരാട്ടവും രണ്ടാമത്തേതില്‍ ഒരു തീവ്രവാദിയും ഉല്‍പതിഷ്ണുവായ ഒരു മുസ്ലീം മതവിശ്വാസിയും തമ്മിലുള്ള സംഘര്‍ഷവുമാണ് പറയുന്നത്.

രാജ്യത്ത് വര്‍ഗീയ കലാപത്തിനും മാനഭംഗങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് 2015ല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. കഴിഞ്ഞ വര്‍ഷം ബോര്‍ഡ് ചിത്രം വീണ്ടും കണ്ടപ്പോൾ അതിലെ പല സീനുകളും വെട്ടിക്കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാതെ സംവിധായകന്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പ്‌ലെറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കി. എന്നാല്‍, ചില സീനുകള്‍ വെട്ടി ഒഴിവാക്കാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാനാവില്ല എന്നായിരുന്നു ട്രൈബ്യൂണലിന്റെ വിധി.

ഇതിനുശേഷം അണിയറ പ്രവര്‍ത്തകര്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ തന്നെ രാജ്യത്തിന് അകത്തും പുറത്തുമുള്ള നൂറോളം സ്ഥലങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. ഇതിനുശേഷമാണ് നെറ്റ്ഫ്ലിക്സിലൂടെ ഔദ്യോഗികമായി റിലീസ് ചെയ്തത്.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ഞങ്ങള്‍ സെന്‍സര്‍ഷിപ്പിനോട് പടപൊരുതുകയാണ് എന്നു പറഞ്ഞാണ് ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തത്. ചിത്രം മെയ് 29നാണ് വടക്കേ അമേരിക്കയിലെ തിയ്യറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

വിക്ടര്‍ ബാനര്‍ജി, ഭവാനി ലീ, പ്രീതി ഗുപ്ത, ഭാനു ഉദയ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഓസ്ക്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ സന്നിവേശം നിർവഹിച്ചിരിക്കുന്നത്.

Content Highlights: Unfreedom CBFC  Central Board of Film Certification Banned Netflix Raj Amit Kumar Adil Hussain