ആദിത്യ നാരായണും ഭാര്യ ശ്വേതാ അഗർവാളും
ഇക്കഴിഞ്ഞ ദിവസമാണ് ഗായകൻ ഉദിത് നാരായണന്റെ മകനും ഗായകനുമായ ആദിത്യ നാരായൺ വിവാഹിതനായത്. ശ്വേതാ അഗർവാൾ ആണ് ആദിത്യയുടെ വധു. ആദിത്യ നടനായി അരങ്ങേറ്റം കുറിച്ച ശാപിത് എന്ന ചിത്രത്തിൽ നായികയായെത്തിയത് ശ്വേതയായിരുന്നു.
ഈ പരിചയം പിന്നീട് പ്രണയത്തിലെത്തുകയും പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. ഇപ്പോഴിതാ ഈ പ്രണയകഥ വെളിപ്പെടുത്തുകയാണ് ഉദിത്.
ഇവരുടെ പ്രണയബന്ധത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നും പത്ത് വർഷത്തോളമായി ഇരുവരും ഒന്നിച്ചായിരുന്നു താമസമെന്നും ഉദിത് പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മകന്റെ പ്രണയ കഥ ഉദിത് നാരായണൻ തുറന്നു പറഞ്ഞത്.
"എനിക്ക് ഒരു മകനേയുള്ളൂ. അവന്റെ വിവാഹം ആഡംബരമായി നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ കോവിഡ് എല്ലാ ആഘോഷങ്ങളും കെടുത്തിക്കളഞ്ഞു. ഈ മഹാമാരി അവസാനിച്ചതിനു ശേഷം ആദിത്യന്റെ വിവാഹം നടത്താമെന്നായിരുന്നു എന്റെ തീരുമാനംയ എന്നാൽ ആദിത്യയ്ക്കും ശ്വേതയുടെ വീട്ടുകാർക്കും വിവാഹം എത്രയും വേഗം നടത്തണമെന്നു തന്നെയായിരുന്നു ആഗ്രഹം. അവർ പത്ത് വർഷത്തോളമായി ഒന്നിച്ചാണ് താമസം. എന്നാൽ അവർ പ്രണയത്തിലായിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. അത് ഔദ്യോഗികമാക്കാൻ ഇപ്പോഴാണ് അവർക്ക് സമയമായിക്കാണുക. ശ്വേതയെ വർഷങ്ങളായി എന്റെ മകന്റെ സുഹൃത്തെന്ന നിലയിൽ എനിക്കറിയാം. ഒരു ദിവസം ആദിത്യ എന്റെ അടുത്ത് വന്ന് ശ്വേതയെ തനിക്ക് വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. പിന്നീട് എന്ത് സംഭവിച്ചാലും മാതാപിതാക്കളെ പഴി ചാരരുത് എന്നാണ് ഞാനന്ന് പറഞ്ഞത്".
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബോളിവുഡിലെ പ്രമുഖ താരങ്ങളെയുമുൾപ്പെടെ ആദിത്യയുടെ വിവാഹത്തിനു ക്ഷണിച്ചെന്ന കാര്യം ഉദിത് നാരായണൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുംബൈയിൽ വച്ച് നടത്തിയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. പ്രധാനമന്ത്രിയും അമിതാഭ് ബച്ചനും നവദമ്പതികൾക്ക് ആശംസകൾ നേർന്ന് കത്തുകൾ അയച്ചിരുന്നു.
മോഹനി എന്ന നേപ്പാളി സിനിമയിലൂടെയാണ് ആദിത്യ നാരായൺ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്.
1992 ൽ രംഗീല എന്ന സിനിമയിൽ ബാലതാരമായും അഭിനയിച്ചിരുന്നു. അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെ അവസാന ചിത്രമായ ദിൽ ബെച്ചാരെയിലാണ് ആദിത്യ അവസാനമായി ഗാനമാലപിച്ചത്.
നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ് ശ്വേതയും. 2003 ൽ പ്രഭാസ് നായകനായെത്തിയ തെലുങ്ക് ചിത്രം രാഘവേന്ദ്രയിലൂടെയാണ് ശ്വേത അഭിനയരംഗത്തേക്ക് എത്തുന്നത്.
Content Highlights : Udit Narayan on son Aditya Narayan and Shweta Agarwal wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..