സിനിമയ്ക്കിടെ തിയേറ്ററില്‍ നിന്ന് പ്രേക്ഷകര്‍ ഇറങ്ങിപ്പോവുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍, സിനിമ അസഹ്യമാണെന്നു കണ്ട് ഇറങ്ങിപ്പോകുന്നത് നായകന്റെ ഭാര്യ തന്നെ ആയാലോ?

തമിഴകത്ത് സൂപ്പര്‍ നായകനും നിര്‍മാതാവുമായി വിലസുന്ന ഉദയനിധി സ്റ്റാലിനാണ് ഈ ഗതികേട്. തന്റെ ചില ചിത്രങ്ങള്‍ കണ്ട് സംവിധായിക കൂടിയായ ഭാര്യ കൃതിക ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയെന്ന് വെളിപ്പെടുത്തിയത് ഉദയനിധി തന്നെയാണ്.

എനിക്ക് സിനിമയുടെ പേര് വെളിപ്പെടുത്താനാവില്ല. എന്നാല്‍, ഒരു സിനിമ ചെയ്തതിന് ഭാര്യ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ചില സിനിമകള്‍ പാതിവഴിയിലായപ്പോള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. സിനിമ ഏതാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടുണ്ടാകും. എന്നാല്‍, നല്ല ചിത്രങ്ങളെ പ്രകീര്‍ത്തിക്കാനും അവര്‍ മടിക്കാറില്ല. വളരെ സത്യസന്ധമായാണ് കൃതിക അഭിപ്രായം പറയാറുള്ളത്-ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഉദയനിധി പറഞ്ഞു.

എന്റെ സിനിമകളുടെയെല്ലാം കഥ അവര്‍ കേള്‍ക്കാറുണ്ട്. കഥ കേട്ടുകഴിഞ്ഞാല്‍ ഞാന്‍ അതിന്റെ അഭിപ്രായം ചോദിക്കും. സിനിമയുടെ ഫസ്റ്റ് കോപ്പി ആയാല്‍ അതും കാണിക്കും. അതിനെക്കുറിച്ചുള്ള അഭിപ്രായവും തുറന്നുപറയും-ഉദയനിധി പറഞ്ഞു.

ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്റെ മകനായ ഉദയഗിരി ഇപ്പോള്‍ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രിയദര്‍ശനാണ് സംവിധായകന്‍. നമിത പ്രമോദാണ് നായിക. ഒരു ഡസനിലേറെ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ് ഉദയനിധി.