ലോക്ഡൗണില്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ വ്യാപൃതരാണ് യുവതലമുറയിലധികവും. പബ്ജി, കോള്‍ ഓഫ് ഡ്യൂട്ടി വാര്‍സോണ്‍ ഡെയിമുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കഴിഞ്ഞ ദിവസം കോള്‍ ഒഫ് ഡ്യൂട്ടി വാര്‍സോണ്‍ ഗെയിം കളിക്കാനിരുന്ന രണ്ടു യുവാക്കള്‍ക്ക് മാച്ച് ആയി കിട്ടിയത് സാക്ഷാല്‍ ശ്രീനാഥ് ഭാസിയെ. ശബ്ദം കേട്ടു സംശയം തോന്നിയ ഇവര്‍ ഗെയിമിനിടയില്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചാണ് ഒടുവില്‍ തങ്ങളോടൊപ്പം കളിച്ചത് ശ്രീനാഥ് തന്നെയെന്ന് കണ്ടെത്തിയത്.

ആദ്യം പിടികൊടുക്കാതിരുന്ന താരത്തിനോട് യുവാക്കള്‍ എന്താണ് ജോലിയെന്നു തിരക്കി. സിനിമാമേഖലയിലാണെന്നും പേര് ചോദിച്ചപ്പോള്‍ ശ്രീയെന്നും മറുപടി ലഭിച്ചതോടെ അവര്‍ക്ക് ഹരമായി. ശ്രീനാഥ് ഭാസി തന്നെയെന്നുറപ്പിച്ചു. ശബ്ദം സാമ്യമുണ്ടെന്നറിയിച്ചപ്പോള്‍ നിരവധി പേര്‍ പറയാറുണ്ടെന്നായി ഭാസി. എന്നാലും ഭാസിക്ക് വാര്‍സോണ്‍ കളിക്കാനൊക്കെ എവിടെ നേരമെന്നു അമ്പരന്ന അവര്‍ ഏതൊക്കെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന അടുത്ത ചോദ്യമെറിഞ്ഞു. അഞ്ചാം പാതിരായില്‍ ചെറിയൊരു റോള്‍ ചെയ്തിട്ടുണ്ടെന്നും ഹാക്കറുടേതാണെന്നും ഭാസി. ആദ്യമായി ഒരു മലയാളിയുമായി, അതും ഒരു സിനിമാതാരവുമായി ഗെയിം കളിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ ഭാസിയുടെ കടുത്ത ആരാധകരാണെന്നും എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നും യുവാക്കള്‍ വച്ച് കാച്ചി. ആ 'പൊക്കല്‍' ഭാസി കൈയോടെ പിടിച്ചു. ഇബ്ലീസ് കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിനു മുന്നില്‍ യുവാക്കള്‍ വീണു. 'ഡാ തടിയാ' ആണ് കൂടുതലിഷ്ടമായെന്നും പറഞ്ഞ് അവര്‍ തടിതപ്പി. ഗെയിം അവസാനിച്ചപ്പോള്‍ ഫ്രണ്ട് റിക്വസ്റ്റ് പരിഗണിക്കണേയെന്ന് താരത്തോട് ആവശ്യപ്പെട്ട് അവര്‍ യാത്ര പറഞ്ഞു.

Content Highlights : two youths played call of duty warzone game with sreenath bahsi video viral