ന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും മുന്‍ സിനിമാതാരവുമായിരുന്ന ജയലളിതയുടെ ജീവിതം സിനിമയാക്കുമെന്ന് സംവിധായകന്‍ എ.എല്‍ വിജയ് പ്രഖ്യാപിച്ചിരുന്നു. മദ്രാസ്പട്ടണം, ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വിജയ്. ഇപ്പോഴിതാ ജയലളിയുടെ ജീവിതം സിനിമാക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റായ പ്രിയദര്‍ശിനി.

'ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങളിലൊന്നാണ് ജയലളിത. ധൈര്യവും ഉള്‍കരുത്തും കൈമുതലാക്കി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് അവര്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയത്. കഴിഞ്ഞ നാലുമാസങ്ങളായി ഈ ഉരുക്കു വനിതയുടെ ജീവിതം സിനിമയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു. 

അസാധാരണമായ ജീവിതം നയിച്ച ജയലളിതയുടെ ജീവിതം സിനിമയാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നു. ഞാനിവിടെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. തമിഴ്, തെലുഗു, കന്നട, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറക്കും.

സിനിമയിലെ മുന്‍നിര താരങ്ങളായിരിക്കും കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കും. അഭിനേതാക്കളുടെ വിവരങ്ങള്‍ സെപ്തംബര്‍ 20 ന് പുറത്തുവിടും'- വാര്‍ത്ത കുറിപ്പില്‍ പ്രിയദര്‍ശിനി വ്യക്തമാക്കുന്നു

വിബ്രി മീഡിയയാണ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 24ന് തന്നെയാണ് ഈ ചിത്രത്തിന്റെയും ഔദ്യോഗികമായി പ്രഖ്യാപനം. ഈ രണ്ടു ചിത്രങ്ങളിലും ജയലളിതയായി ആര് വെള്ളിത്തിരയിലെത്തും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ ലോകവും പ്രേക്ഷകരും.