കോവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന നല്‍കി ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. ദൈവിക് ഫൗണ്ടേഷന് വേണ്ടിയാണ് ഇവര്‍ സംഭാവന നല്‍കിയത്. മൊത്തം 220 കോണ്‍സണ്‍ട്രേറ്ററുകളാണ് ദൈവിക് ഫൗണ്ടേഷന്‍ ആശുപത്രികള്‍ക്ക് നല്‍കിയത്. അതില്‍ 100 എണ്ണം നല്‍കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ്ട്വിങ്കിള്‍ ഖന്ന സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 

കോവിഡ് കേസുകള്‍ വ്യാപിക്കുകയും ഓക്‌സിജന്‍ ക്ഷാമം പല സംസ്ഥാനങ്ങളിലും രൂക്ഷമാവുകയും ചെയ്തതോടെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്ന ഒരു ഉപകരണമാണ് ഇത്. രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ കുറവ് നേരിടുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ തെറാപ്പിയ്ക്ക് അനിവാര്യമായി വേണ്ട ഒന്നാണ് ഈ മെഡിക്കല്‍ ഉപകരണം. 

അന്തരീക്ഷവായുവില്‍ നിന്ന് ഓക്‌സിജനെ മാത്രം വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍. അന്തരീക്ഷവായുവില്‍ 78% നൈട്രജനും 21% ഓക്‌സിജനും 1% മറ്റു വാതകങ്ങളുമാണ് അടങ്ങിയിട്ടുള്ളത്. ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ വായുവിനെ സ്വീകരിക്കുകയും അത് ഫില്‍റ്റര്‍ ചെയ്ത് ഓക്‌സിജനെ മാത്രം അരിച്ചെടുക്കുകയും ചെയ്യുന്നു. ഈ ഓക്‌സിജന്‍ 90-95% ശുദ്ധമായിരിക്കും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്ത് തന്നെ സഹായവുമായി അക്ഷയ് കുമാര്‍ രംഗത്ത് വന്നിരുന്നു. 25 കോടിയാണ് അക്ഷയ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

Content Highlights: Twinkle Khanna Akshay Kumar donate 100 oxygen concentrators,  Covid 19 pandemic