വനിത ശർമ, തുനിഷയും ഷീസാനും | ഫോട്ടോ: എ.എൻ.ഐ, www.instagram.com/_tunisha.sharma_/
മുംബൈ: ചലച്ചിത്ര-സീരിയൽ നടി തുനിഷ ശർമയുടെ മരണവും നടൻ ഷീസാൻ ഖാന്റെ അറസ്റ്റും സൃഷ്ടിച്ച ചർച്ചകൾ തുടരുകയാണ്. ഷീസാനേക്കുറിച്ച് തുനിഷയുടെ അമ്മ വനിത ശർമ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയ സംഭവവികാസം. കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ അവർ ഷീസാൻ ഖാനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്.
ഷീസാൻ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്നും തുനിഷയോട് മതം മാറണമെന്ന് ആവശ്യപ്പെട്ടെന്നും വനിത ശർമ ആരോപിച്ചു. ഷീസാന്റെ മുറിയിലാണ് തുനിഷ മരിച്ചുകിടന്നത്. മറ്റൊരു പെൺകുട്ടിയുമായി ഷീസാൻ സംസാരിക്കുന്നത് തുനിഷ ഒരിക്കൽ കണ്ടുപിടിച്ചിരുന്നു. ഇതിനെച്ചൊല്ലി രണ്ടുപേരും വഴക്കിട്ടിരുന്നു. ഇക്കാരണത്താലാണ് രണ്ടുപേരും പിരിഞ്ഞതെന്നും ഷീസാനാണ് അവളെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും അവർ ആരോപിച്ചു.
ഷീസാൻ ഷൂട്ടിങ് സെറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി തുനിഷ തന്നോടുപറഞ്ഞിരുന്നെന്ന് വനിത വാർത്താസമ്മേളനത്തിൽ പറഞ്ഞു. "തുനിഷയുടെ സ്വഭാവത്തിൽ എന്തോ മാറ്റം ശ്രദ്ധിച്ചിരുന്നു. അവളോട് മതം മാറണമെന്ന് ഷീസാൻ ആവശ്യപ്പെട്ടിരുന്നു. തന്നെ ഷീസാൻ പറ്റിക്കുകയാണെന്ന് തോന്നിയപ്പോൾ തുനിഷ ഷീസാന്റെ ഫോൺ പരിശോധിച്ചിരുന്നു. ഇക്കാര്യം സംസാരിച്ചപ്പോൾ ഷീസാൻ അവളുടെ മുഖത്ത് തല്ലുകയാണുണ്ടായത്. അവൾക്ക് ഒരസുഖവും ഉണ്ടായിരുന്നില്ല. ഷീസാനെ വെറുതെ വിടില്ല." അവർ പറഞ്ഞു.

തുനിഷ ശർമയുമായുള്ള പ്രണയം അവസാനിപ്പിച്ചതിന് പിന്നിൽ മതവും പ്രായവുമാണെന്ന് ഷീസാൻ ഖാൻ പോലീസിനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ഷീസാന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണ് തുനിഷയും ഷീസാനും. ഇരുപതുകാരിയായിരുന്ന തുനിഷയേക്കാൾ എട്ട് വയസ്സ് പ്രായക്കൂടുതലുണ്ട് ഷീസാന്. രണ്ടാഴ്ച മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്.
ഇതിന് പിന്നാലെയാണ് നടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.
ടെലിവിഷൻ സീരിയൽ ചിത്രീകരണത്തിനിടെ തുനിഷയും ഷീസാനും വഴക്കുണ്ടായി. ഇടവേളയിൽ ശുചിമുറിയിലേക്ക് പോയ നടി അവിടെ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സെറ്റിലുള്ളവർ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: vanita Sharma, tunisha sharma's mother's controversial statement against sheezan khan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..