മിഴില്‍ വന്‍ വിജയമായ ചിത്രമായിരുന്നു ഹരി സംവിധാനം ചെയ്ത വിക്രം - തൃഷ ജോഡി ഒന്നിച്ച സാമി. ചിത്രത്തില്‍ വിക്രം അഭിനയിച്ച ഡെപ്യൂട്ടി കമ്മിഷണര്‍ ആറുസാമി അദ്ദേഹത്തിന്റെ കരിയറിലെ തന്നെ കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നാണ്. വിജയമാവര്‍ത്തിക്കാനായി ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ആദ്യ ഭാഗത്തിലേത് പോലെ പ്രധാന കഥാപാത്രമാണ് തൃഷയുടേതെന്നും തൃഷയ്‌ക്കൊപ്പം കീര്‍ത്തി സുരേഷും ചിത്രത്തില്‍ ഉണ്ടെന്ന സംവിധായകന്‍ തന്നെയാണ് അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയെന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. തൃഷ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം അറിയിച്ചത്.

ആശയപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ട് ഞാന്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നു. ചിത്രത്തിന് എല്ലാവിധ ആശംസകളും- തൃഷ ട്വിറ്ററില്‍ കുറിച്ചു.

saamy2
എന്താണ് അഭിപ്രായ ഭിന്നത എന്ന് തൃഷ പറയുന്നില്ല. തൃഷയുടെ തീരുമാനം ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്.  തൃഷയ്ക്ക് പകരം ആരാകും ആ വേഷം കൈകാര്യം ചെയ്യുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സാമി സംവിധാനം ചെയ്ത ഹരി തന്നെയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. കീര്‍ത്തി സുരേഷും വിക്രമും ഉള്‍പ്പെടുന്ന ചില ഭാഗങ്ങള്‍ മാത്രമേ ഇതുവരെ ചിത്രീകരിച്ചിട്ടുള്ളൂ. ബോബി സിന്‍ഹയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.