തൃഷ പ്രധാന വേഷത്തില്‍ അഭിനയിച്ച ഹൊറര്‍ ചിത്രമായ മോഹിനി  പ്രദര്‍ശനത്തിനെത്തുന്നു. ലണ്ടന്‍, റഷ്യ, ചെന്നൈ, വാഗമണ്‍, ചോറ്റാനിക്കര  എന്നിവിടങ്ങളില്‍ വെച്ചു ചിത്രീകരിച്ചിരിക്കുന്ന മോഹിനിയുടെ രചനയും സംവിധാനവും ആര്‍ മാതേഷാണ്. തൃഷ മോഹിനി, വൈഷ്ണവി എന്നിങ്ങനെ രണ്ടു  നായികാ കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു. 
                                                                                         
മോഹിനി ലണ്ടനിലെ വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ചീഫ്  എഞ്ചിനിയറാണ്. ആ കമ്പനിയുടെ ചെയര്‍മാന്‍ ലണ്ടന്‍ സര്‍ക്കാരില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ്. കമ്പനിയില്‍ നടന്ന നടുക്കുന്ന ചില സംഭവങ്ങള്‍ മോഹിനിയെ വല്ലാതെ അസ്വസ്ഥയാക്കി. അവിടെ നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ അവള്‍ വെളിച്ചത്തു കൊണ്ട് വന്നതോടെ ചെയര്‍മാന്റെ ശത്രുതയ്ക്ക് ഇരയാവേണ്ടി വന്നു. ഒടുവില്‍ മോഹിനിയെ ഇയാള്‍ കൊല്ലാന്‍ തന്നെ തീരുമാനിക്കുന്നു. മോഹിനി തെളിവുകളില്ലാത്ത വിധം അതി ദാരുണമായി കൊല്ലപ്പെടുന്നു.

ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഷെഫാണ് വൈഷ്ണവി. കേക്ക് നിര്‍മാണത്തില്‍ വിദഗ്ദ്ധയായ വൈഷ്ണവി ലണ്ടനില്‍ എത്തുന്നു. അവിടെ സുഹൃത്തുക്കളുമായി സന്തോഷത്തോടെ വൈഷ്ണവി കഴിയുമ്പോള്‍ അവളുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമാവുന്നു. പ്രതികാര ദാഹത്തോടെ ശാന്തി കിട്ടാതെ അലയുന്ന മോഹിനിയുടെ ആത്മാവ് താനുമായി രൂപ സാദൃശ്യമുള്ള  വൈഷ്ണവിയില്‍  പ്രവേശിക്കുന്നു. പക്ഷേ വൈഷ്ണവിയിലൂടെ പകരം വീട്ടുക എന്ന മോഹിനിയുടെ ലക്ഷ്യം നിറവേറില്ല എന്ന അവസ്ഥയാണ് ഉണ്ടായത്. കുരിക്കിന്മേല്‍ കുരുക്കുകള്‍  വീണ്  മോഹിനിയുടെ ആത്മാവിന്റെ പ്രതികാര ലക്ഷ്യം തടസ്സപ്പെട്ടു. മോഹിനിയുടെ ലക്ഷ്യം പൂര്‍ണതയിലെത്തിയോ എന്നത് ത്രസിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളിലൂടെ ദൃശ്യവല്‍ക്കരിച്ചിരിക്കയാണ് ചിത്രം.

തന്റെ കഥാപാത്രങ്ങള്‍ക്കു വേണ്ടി ആറുമാസക്കാലം ആയോധനകലയിൽപരിശീലനം തൃഷ നേടിയിരുന്നു.  സുരേഷ്, പൂര്‍ണിമാ ഭാഗ്യരാജ്, മുകേഷ് തിവാരി, ജാക്കി ഭഗ്‌നാനി, യോഗി ബാബു, ലൊല്ലുസഭാ സാമിനാഥന്‍, ഗണേഷ് വിനായകം, ശ്രീരഞ്ജിനി, രമ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.  ആര്‍.ബി ഗുരുദേവ് ഛായാഗ്രഹണവും വിവേക്-മെര്‍വിന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. പ്രിന്‍സ്  പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാര്‍ നിര്‍മിച്ച മോഹിനി ജൂലായ് 27 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.

Content Highlights: Trisha returning with ghost story Mohini