അന്തരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യപ്രവര്‍ത്തക അനന്യ കുമാരി അലക്‌സിനെ അനുസ്മരിച്ച് സംവിധായികയും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. അതിജീവിക്കാനായി സ്വന്തം ജീവിതം കൊണ്ട്  പോരാടുന്ന മനുഷ്യജീവികളെ എന്തിനാണ്  ഇങ്ങിനെ  ഇല്ലാതാക്കുന്നതെന്ന് ദീദി ചോദിക്കുന്നു. 

ദീദി ദാമോദരന്റെ കുറിപ്പ്

അനന്യ ദു:ഖിപ്പിക്കുന്നു. ഇനി ഒരു ഒക്ടോബര്‍ 6 ന് അര്‍ദ്ധരാത്രി പിറന്നാള്‍ പങ്കുവയ്ക്കാന്‍ അനന്യ വിളിക്കില്ല. അവസാനമായി കാണുന്നത്  അവള്‍ അവതാരകയായി എത്തിയ ഐ.എഫ്.എഫ്.കെ.യുടെ തലശ്ശേരി എഡീഷനാണ്. എന്തൊരു തലയെടുപ്പായിരുന്നു ഇഷ്ടമുള്ള പണിയെടുത്ത് ജീവിക്കാനാവുന്നതിന്റെ സ്വാതന്ത്ര്യത്തിന് . വാക്കുകളുടെ ആ പ്രവാഹത്തിന്.  ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഈ നിമിഷവും സമ്മാനിച്ചാണ് പിരിഞ്ഞത്. 

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സ് മരിച്ച നിലയില്‍..

മനസ്സ് ആഗ്രഹിച്ച പോലെ ശരീരത്തെ പാകപ്പെടുത്താനുള്ള യത്‌നങ്ങളെ എന്താണ് അസാധ്യമാക്കുന്നത്  ?എന്തിനാണ്  അതിജീവിക്കാനായി സ്വന്തം ജീവിതം കൊണ്ട്  പോരാടുന്ന മനുഷ്യജീവികളെ  പിടിവള്ളികള്‍ അറുത്ത് ഇങ്ങിനെ  ഇല്ലാതാക്കുന്നത് ? 
ആത്മാഭിമാനത്തോടെ പണിയെടുത്ത് ജീവിച്ചു കാണിച്ചു തന്നതാണവള്‍. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ റേഡിയോ ജോക്കിയായും അവതാരകയായും നിയമസഭയിലേക്ക് മത്സരിച്ച ആദ്യത്തെ ട്രാന്‍സ്‌ജെഡര്‍വനിതയായും അനന്യ ഒരു പ്രതീക്ഷയായിരുന്നു. അതാണ് തല്ലികെടുത്തപ്പെട്ടത്. 

എന്നെ അവര്‍ അംഗീകരിക്കേണ്ട, പക്ഷേ എനിക്ക് ജീവിക്കണം; ആര്‍.ജെ അനന്യ പറയുന്നു......

പരാജയപ്പെട്ട സര്‍ജറി ഒരു കേവല മെഡിക്കല്‍ നെഗ്ലിജന്‍സ്സ് അല്ലെന്ന വേദനയാണ് അവളെ കൊന്നത്. അനന്യ നീതി അര്‍ഹിക്കുന്നു. മരണാനന്തരമെങ്കിലും  അവള്‍ക്ക് നീതി കിട്ടിയില്ലെങ്കില്‍ അതൊരു സമൂഹമെന്ന നിലക്ക് നമ്മുടെ പരാജയമാണ്. ട്രാന്‍സ് ജെന്റര്‍സമൂഹം നീതി അര്‍ഹിക്കുന്നു. ജീവിക്കാനുള്ള അവരുടെ അവകാശ നിഷേധം അവര്‍ക്ക് മേല്‍ പതിയുന്ന  അശ്രദ്ധമായ കത്തികളാലുള്ള നിഷ്ഠൂരമായ കൊലപാതകങ്ങള്‍ തന്നെയാണ്.അവളുടെ അവസാനത്തെ ഇന്റര്‍വ്യൂവിലെ വാക്കുകള്‍ കേട്ടു നില്‍ക്കാവാത്തത്ര വേദനയുളവാക്കുന്നതാണ്. കൊത്തിത്തറയ്ക്കപ്പെട്ട ശരീരത്തിന്റെയും മനസ്സിന്റെയും നിലവിളിയാണത്. കുറ്റകരമായ മെഡിക്കല്‍ നെഗ്ലിജന്‍സ് വിചാരണ അര്‍ഹിക്കുന്നു. ആ അവസ്ഥ അവള്‍ക്കുണ്ടാക്കിയതില്‍ നമ്മുടെ ലോകം തല താഴത്തേണ്ടതുണ്ട്. ഇനി വരും ഓരോ പിറന്നാളും അന്യനയുടെ ആശംസ പങ്കിടാനാവാത്തതിന്റെ വേദന കൂടിയാവും. വിട അനന്യ.

Content Highlights: Transgender activist RJ Ananya Alex's death, Deedi Damoran remembers her