ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ റിലീസ് മാറ്റിവെച്ചു. സിനിമയുടെ നിര്‍മാതാക്കളായ ഓഗസ്റ്റ് സിനിമാസാണ് റിലീസ് മാറ്റിവെച്ച വിവരം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ജൂണ്‍ 29നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. റിലീസ് തിയ്യതി മാറ്റിയ വിവരം വൈകി അറിയിച്ചതിന് ക്ഷമ ചോദിച്ചു കൊണ്ടായിരുന്നു ഓഗസ്റ്റ് സിനിമാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

എന്നാല്‍, ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച കാര്യം നായകനായ ടോവിനോ പോലും അറിഞ്ഞിരുന്നില്ല എന്നതാണ് രസകരമായ വസ്തുത. 'വല്ലാത്തൊരു സര്‍പ്രൈസ് ആയിപോയി, എന്നോടെങ്കിലും ഒന്ന് നേരത്തെ പറയാമായിരുന്നു' എന്നാണ് ടോവിനോ ഓഗസ്റ്റ്  സിനിമാസിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചത്. സര്‍പ്രൈസ് തന്നതിന് ഓഗസ്റ്റ് സിനിമാസിനോട് നന്ദിയും പറഞ്ഞിട്ടുണ്ട് താരം.

tovino

നിരവധി രസകരമായ കമന്റുകളാണ് ടോവിനോയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അല്ലെങ്കിലും തീവണ്ടി എന്നേലും നേരത്ത് ഓടിയിട്ടുണ്ടോ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. തീവണ്ടി എന്ന് പേരിട്ടപ്പോഴേ ഇത് പ്രതീക്ഷിച്ചതാണെന്നും  വല്ല മെട്രോ എന്നെങ്ങാനും പേര് മാറ്റാനും ഉപദേശിക്കുന്നുമുണ്ട്. നേരത്തെ പറയാതെ റിലീസ് മാറ്റിവെച്ചതിന് രോഷം പ്രകടിപ്പിക്കുന്നുമുണ്ട് ചിലര്‍.  ചിത്രത്തിന് ടിക്കറ്റ് എടുത്തു കഴിഞ്ഞവരാണിവര്‍. എന്നാല്‍, മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന കുഞ്ഞാലി മരക്കാരിന്റെ ട്രെയ്‌ലര്‍ റിലീസ് കാരണമാണ് സിനിമയുടെ റിലീസ് മാറ്റിവെച്ചതെന്നും ആരോപണങ്ങളുണ്ട്. 

ഒരു ചെയിന്‍ സ്‌മോക്കറായാണ് ടോവിനോ 'തീവണ്ടി'യിലെത്തുന്നത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights : tovino thomas theevandi movie release postponed august cinemas thovino samyuktha menon theevandi