മിന്നല്‍ മുരളിയെ താന്‍ ഇഷ്ടപ്പെടുന്നത് പോലെ പ്രേക്ഷകനും നെഞ്ചേറ്റുമെന്നാണ് പ്രതീക്ഷയെന്ന് ടൊവിനോ തോമസ്. മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രദര്‍ശനത്തിനെത്തുന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'തുടക്കം മുതലേ എനിക്ക് മിന്നല്‍ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്‌നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാന്‍ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്‌നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകര്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഞാന്‍ മിന്നല്‍ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നല്‍ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ'. ടൊവിനോ പറഞ്ഞു. 

കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവേദിക്കാനും  ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞു.

'ഒരു സൂപ്പര്‍ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങള്‍ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനാണ് കൂടുതല്‍ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത്  ഞങ്ങള്‍ മുഴുവന്‍ ടീമിന്റെയും സ്വപ്ന സിനിമയാണ്.' ബേസില്‍ പറയുന്നു. നെറ്റ്ഫ്‌ളിക്‌സ് പോലെയുള്ള  ഒരു ലോകോത്തര പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന 'മിന്നല്‍ മുരളി' നെറ്റ്ഫ്‌ളിക്‌സിലൂടെ ലോകമെമ്പാടും പ്രദര്‍ശിപ്പിക്കും. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights:Tovino Thomas shares expectation about  Minnal Murali