ലയാള സിനിമയിലെ ഒരു നടി യാത്രക്കിടെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത് മനുഷ്യ മന: സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഇതേ തുടര്‍ന്നാണ് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപവത്കരിക്കപ്പെട്ടത്. എന്നാല്‍ ഈ കൂട്ടായ്മയെ പരിഹസിക്കുന്നവരും കുറവല്ല. ഇതിനെ പിന്തുണയ്ക്കുന്ന പുരുഷ സിനിമാ പ്രവര്‍ത്തകര്‍ക്കും ശക്തമായ അധിക്ഷേപങ്ങളാണ് നേരിടേണ്ടി വരുന്നത്. പരിഹാസരൂപേണ ഫെമിനിച്ചികള്‍ എന്നാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളെ പലരും അഭിസംബോധന ചെയ്തുവരുന്നത്. നടി പാര്‍വതി കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീ വിരുദ്ധമായ ഒരു രംഗത്തെ വിമര്‍ശിപ്പോള്‍ ഇത്തരം അധിക്ഷേപങ്ങള്‍ ശക്തമായി. പാര്‍വതി ഡബ്ല്യു.സി.സിയിലെ അംഗമാണ്. ഇതേ തുടര്‍ന്ന് ഡബ്ല്യൂ.സി.സി പാര്‍വതിയെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. 

ഡബ്ല്യൂ.സി.സിയെ തുടക്കം മുതല്‍ പിന്തുണച്ച സംവിധായകനാണ് ആഷിക് അബു. ആഷിക് അബു സംവിധാനം ചെയ്ത ചിത്രമായതിനാല്‍ മായാനദി കാണില്ലെന്നാണ് പലരുടെയും നിലപാട്. മായാനദി  മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.  ടൊവിനോയുടെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് താഴെ പലരും മായാനദി കാണില്ലെന്ന് കുറിച്ചിട്ടുണ്ട്. അത്തരത്തില്‍ കുറിച്ച ഒരാള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ടൊവിനോ. 

ടൊവിനോയെ ഇഷ്ടമായതിനാല്‍ സിനിമ കാണാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ 'ഫെമിനിച്ചികളെ' ഓര്‍ക്കുമ്പോള്‍ വേണ്ടെന്നുവയ്ക്കുകയാണെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. 
 
കമന്റെ് ശ്രദ്ധയില്‍പ്പെട്ട ടൊവിനോ ഇങ്ങനെ കുറിച്ചു

എന്നിട്ട്? ആരെയാണ് നിങ്ങള്‍ തോല്‍പിക്കാന്‍ നോക്കുന്നത്? എന്നെയോ? ഈ സിനിമയെയോ? മലയാള സിനിമയെയോ? ഇതില്‍ ജോലി ചെയ്ത നിങ്ങള്‍ ഈ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ? നിങ്ങള്‍ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവര്‍ക്കു പോലും സങ്കടം ആയിരിക്കും നിങ്ങള്‍ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാല്‍ ! ഏതായാലും എല്ലാവവര്‍ക്കും നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടെ.

tovino thomas

Content Highlights: Tovino's fitting replay to a comment boycotting mayaanadhi, Tovino Thomas mayaanadhi, Parvathy kasaba Remark wcc, Mammootty Movie