'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന്റെ ആറാം വാര്‍ഷികത്തില്‍ കുറിപ്പുമായി ടൊവിനോ തോമസ്. ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും പാര്‍വതിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോഴിക്കോട്ടെ മൊയ്തീന്റെയും കാഞ്ചനയുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. ഒരു നടനെന്ന നിലയില്‍ ടൊവിനോയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു അപ്പു.

താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് ടൊവിനോ അപ്പുവിനെക്കുറിച്ച് കുറിച്ചത്.

''എല്ലാ അഭിനേതാക്കളും അവരുടെ യാത്രയെ കൂടുതല്‍ കരുത്തുള്ളതും അനുകൂലവുമായി മാറ്റുന്നതുമായ ഒരു സിനിമ ഉണ്ടായിരിക്കും. എനിക്ക് അത് എന്ന് നിന്റെ മൊയ്തീന്‍ ആയിരുന്നു. നിങ്ങള്‍ എനിക്ക് നല്‍കിയ നിരൂപണങ്ങളും സ്‌നേഹവായ്പ്പുകളും ഇന്നും എന്റെ മനസ്സില്‍ അപ്പുവിനെ പുതുമയുള്ളതായി നിലനിര്‍ത്തുന്നു.

എന്റെ അനുഭവം പൂര്‍ണമാക്കിയതിന് ആര്‍.എസ് വിമലിനും പൃഥ്വിരാജിനും പാര്‍വതിയക്കും നന്ദി. സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. 

അപ്പു അഗാധമായി പ്രണയിച്ചു, എന്നിട്ടും തന്റെ പ്രണയിനിയെ വിട്ടു നല്‍കി. അവളുടെ ഇടത്തെ, തീരുമാനങ്ങളെ ബഹുമാനിച്ചു. അപ്പുവിനെപ്പോലെയാകൂ''- ടൊവിനോ കുറിച്ചു. 

Content Highlights: Tovino Thomas on ennu ninte moideen, Prithviraj Sukumaran, Parvathy Thiruvoth, RS Vimal