കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ടൊവിനോ  തോമസിന്റെ ആ​രോ​ഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ പിറവത്തെ സെറ്റിൽ വച്ചാണ് പരിക്കേറ്റത്. കടുത്ത വയറുവേദനയെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ആശുപത്രിയിൽ എത്തിയ ഉടനെ നടനെ സിടി ആൻജിയോ​ഗ്രാമിന് വിധേയനാക്കി. പരിശോധനയിൽ രക്തസ്രാവമുണ്ടെന്ന് വ്യക്തമായി. എന്നിരുന്നാലും കാര്യമായ രക്തസ്രാവമില്ലായിരുന്നു. അതിന് ശേഷം 48 മണിക്കൂർ നിരീക്ഷിക്കുന്നതിനായി ഐ.സി.യുവിലേക്ക് മാറ്റി. അതിനിടെ ബ്ലഡ് കൗണ്ട് കൂടിയതിനാൽ വേണ്ട ആന്റിബയോട്ടിക് നൽകി. 24 മണിക്കൂർ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.  വീണ്ടും സിടി ആൻജിയോ​ഗ്രാം ചെയ്തപ്പോൾ രക്തസ്രാവമില്ലെന്ന് വ്യക്തമായി. 24 മണിക്കൂർ കൂടി അദ്ദേഹം ഐ.സി.യുവിൽ തന്നെ തുടരും. സാഹചര്യവശാൽ അദ്ദേഹത്തിന്റെ നില മോശമാവുകയാണെങ്കിൽ ലാപ്റോസ്കോപ്പിക്ക് വിധേയനാക്കും. ഇപ്പോൾ അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്- ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത്.  വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്‍പാകരനും രോഹിതും ചേർന്ന്  രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Tovino Thomas Health Updates, he is stable now continues in ICU