കുഞ്ഞിരാമായണം എന്ന ഹിറ്റിന് ശേഷം ബേസില്‍ ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ 'ഗോദ'യുടെ ടീസറെത്തി. ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ ടൊവീനൊ തോമസാണ് നായകന്‍.
 
ചിത്രത്തിന്റെ ടീസര്‍ ടൊവിനൊ ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 'വരുവിന്‍ കാണുവിന്‍ ധൃതങ്കപുളകിതരാകുവിന്‍' എന്നാണ് ടൊവിനൊ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തും. 

വിനീത്  ശ്രീനിവാസന്‍ ഒരുക്കിയ തിരയുടെ രചയിതാവ് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ. ഷാന്‍ റഹ്മാന്‍ സംഗീതം. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയാണ് നിര്‍മാണം.