ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓ.ടി.ടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കാൻ അനുമതി. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കാണ് ഇത് സംബന്ധിച്ച പത്രകുറിപ്പ് പുറത്തിറക്കിയത്. പൈറസി ഭീഷണി നേരിടുന്നതിനാലാണ് ആന്റോ ജോസഫ് നിർമിക്കുന്ന ‘ കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസി’ ന് ഒടിടി റിലീസ് അനുമതി നൽകുന്നതെന്നും ഇനിയും ചിത്രത്തിന്റെ റിലീസ് വൈകിയാൽ നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുമെന്നും ഫിയോക്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം മറ്റ് സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചാൽ ഭാവിയിൽ സഹകരിക്കില്ലെന്നും ഫിയോക്കിന്റെ കുറിപ്പിൽ പറയുന്നു.
എന്നാൽ ഫിയോക്കിന്റെ ഈ തീരുമാനത്തിനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്. ലോകം മുഴുവൻ മഹാ വ്യാധിക്കെതിരെ പൊരുതുമ്പോൾ സംസ്ഥാനത്തെ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ എന്ന പേരിൽ സംവിധായകൻ ആഷിഖ് അബു ഫിയോക്കിന്റെ കുറിപ്പിനെതിരേ രംഗത്ത് വന്നിട്ടുണ്ട്.
"ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തിയറ്റർ കാണില്ല. ജാഗ്രതൈ "': ആഷിഖ് അബു കുറിച്ചു.
ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം...
Posted by Aashiq Abu on Wednesday, 12 August 2020
അദിഥി റാവു, ദേവ് മോഹൻ, ജയസൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നരണിപ്പുഴ ഷാനവാസ് ഒരുക്കിയ സൂഫിയും സുജായതയുമാണ് മലയാളത്തിൽ നിന്ന് ഓടിടി റിലീസിനെത്തിയ ആദ്യ ചിത്രം. ആമസോൺ പ്രെെമിൽ റിലീസ് പ്രഖ്യാപിച്ചപ്പോൾ നിർമാതാവ് വിജയ് ബാബുവിനെതിരേ ബഹിഷ്കരണ ഭീഷണിയുമായി ഒരു വിഭാഗം തിയേറ്റർ ഉടമകൾ രംഗത്ത് വന്നിരുന്നു.
Content Highlights : Tovino Movie Kilometers And Kilometers Into OTT Release Anto joseph FEUOK