കോവിഡ് മഹാമാരിയും ലോക്ഡൗണും സമ്മാനിച്ച പ്രതിസന്ധികളെ മറികടന്ന് മലയാള സിനിമാ ലോകവും തീയേറ്ററുകളും വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഹൗസ്ഫുൾ ഷോകൾ അനുവദിച്ചതോടെ സൂപ്പർ താര ചിത്രങ്ങളുൾപ്പടെയുള്ളവ പ്രേക്ഷകനെയും കാത്ത് തീയേറ്ററിൽ പ്രദർശനത്തിനെത്തുന്നു. മമ്മൂട്ടി, ടൊവിനോ ആരാധകർ കാത്തിരിക്കുന്ന കളയും വണ്ണും ഈ വാരം പ്രദർശനത്തിനെത്തുന്നു. ബിരിയാണി, ആണും പെണ്ണുമാണ് മറ്റ് ചിത്രങ്ങൾ.

കേരള മുഖ്യമന്ത്രിയായി മാർച്ച് 26-ന് കടയ്ക്കൽ ചന്ദ്രൻ ചാർജ് എടുക്കുന്നു 

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വൺ ആണ് പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. മാർച്ച് 26 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഈ മാസം റിലീസിനെത്തുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണിത്. നവാ​ഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് മാർ‌ച്ച് 4 ന് പ്രദർശനത്തിനെത്തിയിരുന്നു.

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്ണില്‍ കേരള മുഖ്യമന്ത്രിയായ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോജു ജോർജ്, മുരളി ഗോപി, സുദേവ് നായർ, ഗായത്രി അരുൺ തുടങ്ങിയവരാണ് വണ്ണിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ. വൈദി സോമസുന്ദരമാണ്. ഗോപി സുന്ദറാണ് സംഗീതം.

ടൊവിനോയുടെ കള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന 'കള' മാർച്ച് 25 ന് പ്രദർശനത്തിനെത്തി. ധാരാളം വയലൻസ് രംഗങ്ങൾ ഉള്ളതിനാൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി.എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'കള'. 

ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. ടൊവിനോ തോമസിനൊപ്പം ലാൽ,ദിവ്യ പിള്ള, ആരിഷ്, 18ാം പടി താരം മൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എന്തുകൊണ്ട് കളയ്ക്ക് 'എ' സർട്ടിഫിക്കറ്റ്, രോഹിത് പറയുന്നു

ഭാര്യയും, അഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. 

യദു പുഷ്പകരനും, രോഹിത് വി.എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും,നേവിസ് സേവ്യറും ചേർന്ന് നിർമ്മിക്കുന്നു. സഹ നിർമ്മാതാക്കൾ ടൊവിനോ തോമസ്, രോഹിത് വി എസ്, അഖിൽ ജോർജ്. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ചമൻ ചാക്കോ, ശബ്ദസംവിധാനം ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ ജ്യോതിഷ് ശങ്കർ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ആർ ജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയകൃഷ്ണ,ആക്ഷൻ കൊറിയോഗ്രഫി ഭാസിദ് അൽ ഗാസ്സലി, ഇർഫാൻ അമീർ, സ്റ്റണ്ട് ഫോണിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്.

ആണും പെണ്ണും മാർച്ച് 26-ന്

ആഷിഖ് അബു, വേണു, ജയ് കെ എന്നിവരുടെ സംവിധാനത്തിൽ ഒരുക്കുന്ന ആന്തോളജി ചിത്രം ആണും പെണ്ണും മാർച്ച് 26-ന് റിലീസ് ചെയ്യും. പാർവ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്.

ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോജു ജോർജിനേയും സംയുക്താ മേനോനെയും ഇന്ദ്രജിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

ഷൈജു ഖാലിദ്, വേണു, സുരേഷ് രാജൻ എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരൻ, ബിനാ പോൾ, ഭവൻ ശ്രീകുമാർ എഡിറ്റിംഗ്. ബിജിബാൽ, ഡോൺ വിൻസെന്റ് സംഗീത സംവിധാനം. ഗോകുൽ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷൻ ഡിസൈൻ. പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറിൽ സി.കെ പദ്മകുമാർ, എം. ദിലീപ് കുമാർ എന്നിവരാണ് നിർമ്മാണം.

പുരസ്കാര തിളക്കവുമായി ബിരിയാണിയും 26-ന് തീയേറ്ററിലേക്ക്

ദേശീയ അന്തർ ദേശീയ തലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ നേടിയ ബിരിയാണി മാർച്ച്  26-ന് തിയറ്ററുകളിൽ എത്തും. ചിയു ഏ എൻ ഫിലിം ഹൗസിന്റെ ബാനറിൽ സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന  ചിത്രത്തിൽ കനി കുസൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ,ശെെലജ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. 

കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.

ഛായാഗ്രഹണം- കാർത്തിക് മുത്തുകുമാർ, എഡിറ്റിംഗ്-അപ്പു ഭട്ടതിരിയും,സംഗീതം- ലിയോ ടോ, ആർട്ട്-നിതീഷ് ചന്ദ്ര ആചാര്യ,മേക്കപ്പ്-ഹരി ജോഷി,വസ്ത്രാലങ്കാരം-നിനേഷ് മാനന്തവാടി,സൗണ്ട്-വിനോദ് പി ശിവറാം,പരസ്യക്കല-ദിലീപ് ദാസ്,അസോസിയേറ്റ് ഡയറക്ടർ-സാനു സജീവൻ,പ്രൊഡക്ഷൻ കൺട്രോളർ-രതീഷ് കല്ലറ. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights : Tovino Movie Kala Mammootty Movie One Aanum Pennum Biriyani into theatres