
Tovino
സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. ഹൃദയസ്പർശിയായ കുറിപ്പോടെയാണ് താരം പത്ത് വർഷത്തെ തന്റെ സിനിമാ യാത്രയിലെ സന്തോഷവും കൂടെ നിന്നവർക്ക് നന്ദിയും അറിയിച്ചിരിക്കുന്നത്.
"പത്ത് വർഷം മുമ്പ് ഇതേ ദിവസമാണ് ഞാൻ സിനിമയ്ക്കായി ക്യാമറയുടെ മുന്നിൽ ആദ്യമായി നിൽക്കുന്നത്. പത്ത് വർഷങ്ങൾ, ഒരുപാട് സിനിമകളും കഥാപാത്രങ്ങളും കടന്ന് പോയി. ഇന്ന് എന്റെ ജീവിതം മാറിമറിഞ്ഞു, സിനിമ മാറി, മറ്റ് പല കാര്യങ്ങളും വ്യത്യസ്തമായി.. പക്ഷേ സിനിമയോടുള്ള എന്റെ അഭിനിവേശവും പ്രണയവും ഓരോ ദിവസവും കൂടിയിട്ടേ ഉള്ളൂ... മെച്ചപ്പെടുത്താനുള്ള സാധ്യത എപ്പോഴും ഉണ്ടെന്ന് എനിക്കറിയാം. അത് മികച്ചതാക്കാൻ എപ്പോഴും ഇടമുണ്ട്. എല്ലാ ദിവസവും മെച്ചപ്പെടാൻ ആവശ്യമായ കാര്യങ്ങൾ ഉൾക്കൊള്ളാൻ ഞാൻ തയ്യാറാണെന്നും എനിക്കറിയാം.
എന്റെ യാത്രയിൽ ഏതെങ്കിലും തരത്തിൽ ഭാഗഭാക്കായ എല്ലാ വ്യക്തികൾക്കും, നന്ദി അറിയിക്കാൻ ഞാൻ ഈ നിമിഷം ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന എല്ലാ പ്രോജക്ടുകളും, ഇത് വരെയുള്ള എല്ലാ അനുഭവങ്ങളും അറിവുകളും മുന്നിലുള്ള വെല്ലുവിളികളും എന്നെ ആവേശം കൊള്ളിക്കുന്നു. മറ്റൊരു 10 വർഷത്തിനുള്ളിൽ ഇതേപോലുള്ള ഒരു കുറിപ്പ് പങ്കുവയ്ക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല.. എല്ലാ സ്നേഹത്തിനും നന്ദി". ടൊവിനോ കുറിച്ചു.
2012 ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പുറത്തിറങ്ങിയ എബിസിഡി എന്ന ചിത്രത്തിലെ വില്ലൻ വേഷം താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. 2015ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രമാണ് ടൊവിനോയെ മലയാളികൾക്ക് പ്രിയങ്കരനാക്കുന്നത്.
മലയാളത്തിലെ ആദ്യ സൂപ്പർഹീറോ എന്ന വിശേഷണവുമായെത്തിയ മിന്നൽ മുരളിയാണ് ടൊവിനോയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാരദൻ, വാശി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights : Tovino celebrates ten years in cinema industry Tovino Movie Prabhuvinte Makkal To Minnal Murali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..