സ്വപ്‌നം കണ്ട ജീവിതമാണ് താന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും സ്വപ്‌നത്തിനായി പരിശ്രമിച്ചപ്പോള്‍ ലേകം മുഴുവന്‍ തന്നോടൊപ്പം നിന്നുവെന്നും നടന്‍ ടൊവിനോ തോമസ്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമിയിലെ വനിതാ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഏറെ ആഗ്രഹിച്ച സിനിമാ മേഖലയിലേക്ക് എത്തിപ്പെടാന്‍ താന്‍ താണ്ടിയ ദൂരത്തെക്കുറിച്ച് ടൊവിനോ മനസ് തുറന്നത്.

ടൊവിനോയുടെ വാക്കുകള്‍

"കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്ന് തന്നെയാണ് സത്യസന്ധമായ ഉത്തരം. കാരണം ഒരു സാധാരണക്കാരനായ ഇരിങ്ങാലക്കുടക്കാരന് ഒരുപാട് ദൂരം തീര്‍ച്ചയായിട്ടും ഉണ്ട്. ഒരുപാട് പേരുടെ സഹായം, ഭാഗ്യം, എന്റെ കുറച്ച് പരിശ്രമം ഇതെല്ലാം ഇതിന്റെ പുറകില്‍ ഉണ്ടായിട്ടുണ്ട്. പിന്നെ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സിനിമയിലേക്ക് വരണം എന്നാഗ്രഹിച്ചത് മുതല്‍ ഇന്ന് വരെ ഉള്ള യാത്ര അത്യാവശ്യം സംഭവ ബഹുലമായിരുന്നു. ജീവിച്ചു എന്ന് പറയാം. നല്ല രസമായി കുറച്ചു കാലം ജീവിച്ചു. എന്റെ സ്വപ്നമാണ് ഞാനിപ്പോള്‍ ജീവിച്ചു പോകുന്നത്. 

Read More : 'നിങ്ങള്‍ പൊളി ആണ് അന്യായമാണ്, വേറെ ലെവല്‍ ആണ്‌': ടൊവിനോ v/s 11

ഇതിലേക്ക് എത്താനായത് എന്റെ മാത്രം കഴിവെന്നോ പരിശ്രമം എന്നോ ഞാന്‍ പറയില്ല. ആല്‍കെമിസ്റ്റില്‍ പറഞ്ഞ പോലെ നമുക്കൊപ്പം ലോകം മുഴുവന്‍ കൂടെ നില്‍ക്കും എന്നില്ലേ. വളരെ അപരിചിതരായ ആളുകള്‍ വരെ പിന്തുണച്ചിട്ടുണ്ട്, കൂടെ നിന്നിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത സഹായം കിട്ടിയിട്ടുണ്ട്. ആ ഒരു നന്ദി എപ്പോഴുമുണ്ട്. അതുകൊണ്ടൊക്കെയാണ് ഇവിടെ വരെ എത്തിയത്. പിന്നെ എല്ലാവരും അവരുടെ ജീവിതത്തില്‍ ചെയ്തിരിക്കേണ്ട ഒന്നാണ് ഈ പരിശ്രമം എന്ന് പറയുന്നത്. എന്റെ അടുത്ത് ആര് ചോദിച്ചാലും അഭിമാനത്തോടെ എനിക്ക് പറയാം ഞാന്‍ എന്റെ സ്വപ്നമാണ് ജീവിച്ചു പോകുന്നതെന്ന്. ഞാന്‍ സ്വപ്നം കണ്ടു, അതിനായി പരിശ്രമിച്ചു, ലോകം മുഴുവന്‍ കൂടെ നിന്നു, അതുകൊണ്ട് ഇവിടെ വരെ എത്തി. ഇതേപോലെ ആര് പരിശ്രമിച്ചാലും ലോകം മുഴുവന്‍ കൂടെ നില്‍ക്കും.

പണ്ടുമുതലേ ഭയങ്കര ആഗ്രഹമുണ്ടായിരുന്നു സിനിമയിലെത്താന്‍. പക്ഷെ ചില കാര്യങ്ങളൊന്നും അന്ന് കണ്ട സ്വപ്നത്തില്‍ കാണിച്ചിട്ടില്ലായിരുന്നു. സ്വപ്നത്തില്‍ നല്ല വശങ്ങള്‍ മാത്രമാണ് കാണിച്ചത്, അത് തന്നെ ആണ് കൂടുതലും. എങ്കിലും ഓരോ സിനിമയും ഇറങ്ങുന്ന സമയത്ത് നമ്മള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍, സമ്മര്‍ദ്ദം അതൊക്കെ വലുതാണ്.  എന്നെ സംബന്ധിച്ചിടത്തോളം  ഞാന്‍ എന്റെ എല്ലാ സിനിമയും എന്റെ കഴിവിന്റെ പരമാവധി പ്രൊമോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് . അതിനായി ചിലപ്പോള്‍ എന്റെ ഉറക്കം, ഭക്ഷണം തുടങ്ങി പല കാര്യങ്ങളും മാറ്റി വച്ചെന്ന് വരാം.

Read More : ടൊവിനോയും പതിനൊന്ന് പെണ്‍കുട്ടികളും

സിനിമ നല്ലതാണോ മോശമാണോ എന്നുള്ളത് ഇറങ്ങി കഴിയുമ്പോള്‍ ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞിട്ടേ മനസിലാക്കാനാകൂ. പക്ഷെ ഇറങ്ങുന്നതുവരെ അത് എന്റെ കഴിവിന്റെ പരമാവധി പ്രൊമോട്ട് ചെയ്യുക എന്ന ചിന്ത ഉള്ള ആളാണ്. അതിന്റെ ഭാഗമായുള്ളതാണ് ഈ സമ്മര്‍ദ്ദവും മറ്റു കഷ്ടപ്പാടുകളും. അതെടുക്കാതെയും ഇവിടെ നില്‍ക്കാന്‍ പറ്റും. പക്ഷേ എന്റെ എല്ലാ കാര്യങ്ങളിലും ഞാന്‍ നേരിട്ട് എത്തണം, നേരിട്ട് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. ഈ ടെന്‍ഷനും മറ്റും ഞാന്‍ സ്വപ്നത്തില്‍ കണ്ടിരുന്നില്ല. സ്വപ്നത്തില്‍ കണ്ടത് വളരെ ഹാപ്പി ആയ കാര്യങ്ങള്‍ മാത്രമാണ്".  

Content highlights : Tovino Thomas about His Journey To Malayalam Cinema Interview Kilometers and kilometers new movie