ടൂറിസ്റ്റ് ഹോം എന്ന ചിത്രത്തിന്റെ പോസ്റ്റർ, ഷെബി ചൗഗട്ട്
ഒറ്റ ഷോട്ടില്‍ സിനിമകളും കല്യാണ വീഡിയോകളും ഹ്രസ്വചിത്രങ്ങളുമെല്ലാം ചിത്രീകരിക്കുന്ന കാലമാണിത്. ഇത്തരം പുത്തന്‍ ആശയങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വഴി വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്യും. എന്നാല്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായിരുന്നില്ല സ്ഥിതി. അന്ന് ഒറ്റ ഷോട്ടില്‍ ഒരു സിനിമയെടുത്ത സംവിധായകനുണ്ടായിരുന്നു. 'പ്ലസ് ടു', 'ബോബി' തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത തൃശ്ശൂര്‍ സ്വദേശിയായ ഷെബി ചൗഗട്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷെബി സംവിധാനം ചെയ്ത 'ടൂറിസ്റ്റ് ഹോം' എന്ന ചിത്രം അന്ന് ഒരു വലിയ പരീക്ഷണമായിരുന്നു.തന്റെ സിംഗിള്‍ ഷോട്ട് സിനിമ ഒന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ഷെബി ചൗഘട്ട് സംസാരിക്കുന്നു.
''ഒറ്റ ഷോട്ടില്‍ ഒരു പൂര്‍ണ്ണ സിനിമ ചിത്രീകരിക്കുക എന്ന വ്യത്യസ്തമായ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ആദ്യ സിനിമയായ 'പ്ലസ് ടു'വിനു ശേഷം അടുത്ത സിനിമയെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് വേറിട്ട ഒരു ആശയം തോന്നുന്നത്. ഒരൊറ്റ ഷോട്ടില്‍ ഒരു മുഴുനീള ചിത്രം.അതിനു മുമ്പ് സിനിമകളില്‍ ചില സീനുകള്‍ മാത്രമായിരുന്നു ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചിരുന്നത്.
ഒരു ടൂറിസ്റ്റ് ഹോമും അവിടത്തെ ഏതാനും മുറികളില്‍ നടക്കുന്ന വ്യത്യസ്ത സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ ആശയം. ആദ്യം ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നതും കഥ പറയുന്നതും നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിനോട്. പുതിയ ആശയത്തോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ അദ്ദേഹം തയ്യാറായി. കഥ കേട്ട നെടുമുടി വേണു, കലാഭവന്‍ മണി എന്നിവരും പരീക്ഷണ സിനിമക്ക് വേണ്ടി തങ്ങളുടെ പ്രതിഫലം പോലും വെട്ടിച്ചുരുക്കി. മധുപാല്‍, സൈജു കുറുപ്പ് ,ശ്രീജിത്ത് രവി, ലെന, മീരാ നന്ദന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, കുഞ്ചന്‍, ഇടവേള ബാബു, സുനില്‍ സുഗത, ചെമ്പില്‍ അശോകന്‍, സരയു ,ശ്രീലതാ നമ്പൂതിരി, റോഷന്‍, ശ്രീജിത്ത് വിജയ്, ഹേമന്ദ് ,രജത് മേനോന്‍ എന്നിങ്ങനെ മലയാള സിനിമയിലെ വലിയൊരു താരനിര തന്നെ ടൂറിസ്റ്റ് ഹോമില്‍ അണി നിരന്നതോടെ എന്റെ ആശയം സാക്ഷാല്‍ക്കരിക്കപ്പെട്ടു.
ജോണ്‍ ജോസഫ് നിര്‍മ്മിച്ച ടൂറിസ്റ്റ് ഹോം തിയേറ്ററുകളില്‍ വിജയം നേടിയില്ലെങ്കിലും നിരൂപകപ്രശംസ പിടിച്ചു പറ്റിയിരുന്നു.പില്‍ക്കാലത്ത് ഒറ്റ ഷോട്ട് സിനിമകളും ഒറ്റ ഷോട്ടിലെ രംഗങ്ങളും വാഴ്ത്തപ്പെട്ടുവെങ്കിലും അതിന്റെയെല്ലാം തുടക്കം കുറിച്ചത് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസം ചിത്രീകരിക്കപ്പെട്ട ടൂറിസ്റ്റ് ഹോം എന്ന നവീന ആശയത്തിന്റെ ദൃശ്യാവിഷ്‌ക്കാരമായിരുന്നു. കേരളത്തില്‍ ടൂറിസ്റ്റ് ഹോം സ്വീകരിക്കപ്പെട്ടില്ലെങ്കിലും ആറു വര്‍ഷം മുമ്പ് ചെന്നൈ വിടുതി എന്ന പേരില്‍ ഒറ്റഷോട്ടില്‍ റീമേക്ക് ചെയ്തപ്പോള്‍ തമിഴില്‍ ഈ ചിത്രം ശ്രദ്ധ പിടിച്ചു പറ്റി.ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേതുള്‍പ്പടെ 32 ഫിലിം ഫെസ്റ്റുകളില്‍ ചെന്നൈ വിടുതി പ്രദര്‍ശിപ്പിക്കപ്പെട്ടു''- ഷെബി പറയുന്നു.
Content Highlights: Tourist Home single shot Movie, Shebi Chowghat, Nedumudi Venu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..