റിമ ദാസ് സംവിധാനം ചെയ്ത ടോറാസ് ഹസ്ബൻഡ് എന്ന ചിത്രത്തിൽ നിന്ന്
മഹാമാരിക്കാലം മൂടിക്കെട്ടിയ രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അതിന്റെ നാല്പത്തേഴാം വര്‍ഷം ആരാധകര്‍ക്കെല്ലാം അവിസ്മരണീയമായ അനുഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളിലാണ്. സെപ്റ്റംബര്‍ 8 മുതല്‍ 18 വരെയാണ് ഈ വര്‍ഷത്തെ ചലച്ചിത്രമേള. 2020 ല്‍ വെറും 50 ചിത്രങ്ങളുമായി പൂര്‍ണ്ണമായും ഒതുങ്ങിയ മേള 2021- ല്‍ 150 ചിത്രങ്ങളിലേയ്ക്കുയര്ന്നെങ്കിലും പഴയകാലങ്ങളെ അടയാളപ്പെടുത്തിയ വിസ്മയങ്ങളിലേയ്ക്കുയര്ന്നില്ല. മുപ്പതിലധികം സിനിമാശാലകളിലായി നടന്നിരുന്ന ഉത്സവം സ്വന്തമായുള്ള അഞ്ച് വേദികളിലേയ്ക്ക് മാത്രമായി ചുരുക്കേണ്ടി വന്നു. 2020 ല്‍ ചിത്രങ്ങളെല്ലാം ഡിജിറ്റല്‍ പ്രദര്ശനങ്ങളായിരുന്നെങ്കിലും കഴിഞ്ഞവര്‍ഷം ചുരുക്കം സിനിമാശാലകളിലേയ്ക്കു കൂടി വ്യാപിപ്പിച്ചുകൊണ്ടുള്ള ഒരു ഹൈബ്രിഡ് രീതിയായിരുന്നു അവലംബിച്ചത്. അപൂര്‍വ്വം ചില കോവിഡ് പ്രോട്ടോക്കോളുകളുണ്ടെങ്കിലും ഈ വര്‍ഷം ആ നഷ്ടങ്ങളൊക്കെ നികത്തി പഴയകാലപ്രൗഢിയിലേയ്ക്ക് തിരിച്ചെത്താനാവുമെന്നു പ്രതീക്ഷിക്കുന്നതായി ഫെസ്റ്റിവല്‍ മേധാവി കാമറണ്‍ ബെയ്ലി വാര്‍ത്താമാധ്യമങ്ങളോടു പറഞ്ഞു.
ഇതുവരെ പുറത്തുവന്ന 73 പ്രമുഖചിത്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മൂന്നു ചിത്രങ്ങളേ ഉള്‍പ്പെട്ടിട്ടുള്ളു. ലിലി ജെയിംസ്, ഷാഹ്സാദ് ലത്തീഫ്, എമ തോംസണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'വാട്ട് ലവ് ഗോട്ട് റ്റു ഡു വിത്ത് ഇറ്റ്?' എന്ന ശേഖര്‍ കപൂര്‍ ചിത്രമാണ് അതിലൊന്ന്. ശുഭം യോഗി സംവിധാനം ചെയ്തിട്ടുള്ള 'കച്ചേ ലിംബു ' ആണ് രണ്ടാമത്തേത്. ഇരട്ട സഹോദരന്മാര് ഒരേ വീട്ടില്‍ താമസിച്ചുകൊണ്ട് രണ്ട് ക്രിക്കറ്റ് ടീമുകളില്‍ കളിക്കുന്നതിന്റെ പിന്നിലെ സംഭവങ്ങളാണ് ഈ ചലച്ചിത്രം പറയുന്നത്. മൂന്നാമത്തെ ചിത്രം അസ്സമീസ് സംവിധായികയായ റീമ ദാസിന്റെ ടോറാസ് ഹസ്ബൻഡ് ആണ്. പകര്‍ച്ചവ്യാധിയെത്തുടര്‍ന്നുള്ള അടച്ചുപൂട്ടല്‍ക്കാലത്ത് ഗ്രാമത്തിലെ ഒരു ചെറുകിട കച്ചവടക്കാരനും സ്നേഹധനനുമായ ഒരച്ഛന് നേരിടുന്ന പ്രശ്നങ്ങളാണ് റീമ ദാസ് ഈ ചിത്രത്തിലൂടെ പറയുന്നത്. ടൊറോന്റോയിലെ ചലച്ചിത്രപ്രേമികള്‍ക്ക് റീമ അപരിചിതയല്ല. മുന്‍വര്‍ഷങ്ങളില്‍ 'വില്ലേജ് റോക്ക്സ്റ്റാർസ്', 'ബുൾബുൾ കാൻ സിങ്' എന്നീ ചിത്രങ്ങളുമായി വന്ന് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സംവിധായികയാണവര്‍.
പ്രശസ്ത സംവിധായകനായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് പുതിയചിത്രമായ 'ദ ഫെയ്ബല്മന്സു'മായി, ആദ്യമായിട്ടാണ് തന്റെ സാന്നിദ്ധ്യം ടൊറന്റോ മേളയില്‍ അറിയിക്കുന്നത് എന്ന ഒരു പ്രത്യേകതകൂടി ഇത്തവണത്തെ മേളയ്ക്കുണ്ട്. ചലച്ചിത്രം എന്ന അതിശക്തമായ മാധ്യമത്തിലൂടെ ഒരു കുടുംബരഹസ്യം കണ്ടെത്തുന്ന സാമി ഫെയ്ബല്മന് എന്ന യുവാവിന്റെ യഥാര്‍ത്ഥകഥ പറയാന്‍ സ്പീല്‍ബര്‍ഗ് തിരഞ്ഞെടുത്തിരിക്കുന്നത് രണ്ടാം ലോകയുദ്ധശേഷമുള്ള അമേരിക്കയിലെ ആരിസോണയാണ്. ഗബ്രിയേല്‍ ലബേല്‍ എന്ന അമേരിക്കന്‍ നടന് ഇതിലെ പ്രധാനവേഷം ചെയ്യുന്നു.
രണ്ട് സമാന്തരപ്രണയകഥകളുടെ ചിത്രമായ 'നോ ബിയേഴ്സു'മായി ജാഫര്‍ പനാഹി ഇറാനില്‍ നിന്നു വരുമ്പോള്‍ അവിടെ നിന്നുള്ള മറ്റൊരു കഥയായ 'ഹോളി സ്പൈഡർ' അവതരിപ്പിക്കുന്നത് സ്വീഡിഷ് - ഇറേനിയന്‍ സംവിധായകനായ അലി അബ്ബാസിയാണ്. റിച്ചര്‍ഡ് മൂന്നാമന് രാജാവിന്റെ അന്ത്യവിശ്രമസ്ഥലം കണ്ടുപിടിക്കാനുള്ള യാത്രകളില്‍ ഒരു അമെച്വര്‍ ചരിത്രകാരന് നേരിടുന്ന പ്രശ്നങ്ങളാണ് സ്റ്റീവെന് ഫ്രെയേഴ്സ് തന്റെ ചിത്രമായ 'ലോസ്റ്റ് കിങ്ങി'ലൂടെ പറയുന്നത്. നൊബേല്‍ ജേതാവായ വോള്‍ സോയിന്‍കയുടെ 'ഡെത്ത് ആന്റ് ദ കിങ്സ് ഹോഴ്സ്മാന്‍' എന്ന ആന്റി-കൊളോണിയല്‍ നാടകത്തെ ആസ്പദമാക്കി ബിയി ബന്‍ഡേല്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'ദ കിങ്സ് ഹോഴ്സ്മാൻ'.
വിവിധ വിദേശചലച്ചിത്രോത്സവങ്ങളില് ശ്രദ്ധിക്കപ്പെട്ട ഷോപ്പ്ലിഫ്റ്റേഴ്സിന്റെ സംവിധായകന് ഹിരോക്കാസു കൊറീഡയുടെ പുതിയ ചിത്രമായ 'ബ്രോക്കർ' ഇത്തവണ ടൊറോന്റോയിലുണ്ടാവും. സ്റ്റീവന്‍ വില്യംസിന്റെ 'ഷെവലിയാർ', ഗാബേ പോള്‍സ്കിയുടെ 'ബുച്ചേഴ്സ് ക്രോസിങ്', എഡ്വേര്‍ഡ് ബെര്‍ഗറിന്റെ 'ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്', യുങ് വൂസുങിന്റെ 'എ മാൻ ഓഫ് റീസൺ', ആലിസ് ഡയോപിന്റെ 'സെയിന്റ് ഒമർ', സാലി എല്‍ ഹൊസൈനിയുടെ 'ദ സ്വിമ്മേഴ്സ്', മൈക്കേല്‍ ഗ്രാന്ഡേജിന്റെ 'മൈ പോലീസ്മാൻ', മിയ ഹാന്സെന് ലവിന്റെ 'വൺ ഫൈൻ മോണിങ്', ലെന ഡന്‍ഹമിന്റെ 'കാതറീൻ കാൾഡ് ബേഡി' എന്നീ ചിത്രങ്ങളും മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇനിയും മുന്നൂറോളം ചിത്രങ്ങളുടെ പേരുകള്‍ പുറത്തുവരാനുണ്ട്. ഓഗസ്റ്റ് മധ്യത്തോടെ ചലച്ചിത്രമേളയുടെ പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമാകും. 2022 സെപ്റ്റംബര്‍ 8 മുതല്‍ 18 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ വിവിധരാജ്യങ്ങളില്‍ നിന്നായി നാലായിരത്തോളം ചലച്ചിത്ര-മാധ്യമപ്രതിനിധികള്‍ ക്ഷണിതാക്കളായുണ്ട്. 2500 ലധികം വൊളന്റിയര്‍മാരെ ഇതിനകം തിരഞ്ഞെടുത്തുകഴിഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..