പ്രശസ്ത ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റീത്ത വില്‍സണും കൊറോണവൈറസ് ബാധയെന്ന് സ്ഥിരീകരണം. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണബാധയില്‍ നിരീക്ഷണത്തിലായിരുന്ന ഇവരുടെ പരിശോധനാഫലം പോസിറ്റീവാണന്ന് വ്യാഴാഴ്ച രാവിലെയാണ് ഹാങ്ക്‌സ് ട്വീറ്റ് ചെയ്തത്. 

ജലദോഷവും ചെറിയ പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ഹാങ്ക്‌സും ഭാര്യയും.  വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പുതിയ സിനിമയില്‍ അഭിനയിച്ചു വരുന്നതിനിടെയാണ് ഹാങ്ക്‌സിന് രോഗബാധ സ്ഥിരീകരിച്ചത്.   

ജലദോഷവും ശരീരവേദനയും ചെറിയ പനിയും ക്ഷീണവും ഉണ്ടായതിനെ തുടര്‍ന്നാണ് ചികിത്സക്കെത്തിയതെന്ന് ഹാങ്ക്‌സ് കുറിച്ചു. ലോകത്തെല്ലായിടത്തും കൊറോണവൈറസ് വ്യാപനവും ഭീഷണിയും നിലനില്‍ക്കുന്നതിനാലാണ് പരിശോധനയ്ക്ക് നിര്‍ദേശം ലഭിച്ചത്. പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഹാങ്ക്‌സ് കുറിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആരാധകരുമായി പങ്ക് വെക്കുമെന്നും ഹാങ്ക്‌സ് അറിയിച്ചു. 

വൈറസ് ബാധയുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുന്ന ആദ്യ ഹോളിവുഡ് താരമാണ് ഹാങ്ക്‌സ്. ഹാങ്ക്‌സും റീത്തയും ഉള്‍പ്പെടെ ഓസ്‌ട്രേലിയയില്‍ 136 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ കാരണം മൂന്ന് പേര്‍ മരിച്ചു. നിലവിലെ പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കാതിരിക്കാനുള്ള അടിയന്തരനടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 

 

Content Highlights: Tom Hanks And Rita Wilson Test Positive For Coronavirus