ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനെതിരേ കടുത്ത പ്രതിഷേധവുമായി സിനിമാപ്രവര്‍ത്തകര്‍. സംഘാടക സമിതിയില്‍ വെളുത്ത വര്‍ഗക്കാര്‍ മാത്രമാണുള്ളതെന്നും വൈവിധ്യമില്ലെന്നും ഇത് വംശീയതയാണെന്നും തുടങ്ങി ഒട്ടനവധി ആരോപണങ്ങളാണ് ഉയരുന്നത്. 

ഫോറിന്‍ പ്രസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വര്‍ഷം തോറും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 2022 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് യു.എസ് ടെലിവിഷന്‍ ചാനല്‍ എന്‍.സി.ബി പ്രഖ്യാപിച്ചു. 

പ്രതിഷേധത്തിന്റെ ഭാഗമായി നടന്‍  ടോം ക്രൂസ് തനിക്ക് ലഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി. ജെറി മഗ്വെയര്‍, മഗ്നോളിയ, ബോണ്‍ ഓണ്‍ ദി ഫോര്‍ത്ത് ഓഫ് ജൂലൈ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ടോം ക്രൂസ് പുരസ്‌കാരം നേടിയത്. ഈ മൂന്ന് പുരസ്‌കാരങ്ങളും താന്‍ തിരിച്ചു നല്‍കുകയാണെന്ന് നടന്‍ പ്രഖ്യാപിച്ചു.

നടി സ്‌കാര്‍ലറ്റ് ജൊഹാന്‍സണും നെറ്റ്ഫ്ലിക്‌സ്, ആമസോണ്‍  സ്റ്റുഡിയോസ്, വാര്‍ണര്‍ ബ്രദേഴ്‌സ് തുടങ്ങിയ പ്രൊഡക്ഷന്‍ കമ്പനികളും ഫോറിന്‍ പ്രസ് അസോസിയേഷനുമായി സഹകരിക്കില്ലെന്ന നിലപാടിലാണ്. സമിതിയില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നാല്‍ മാത്രമേ തീരുമാനം തിരുത്തൂവെന്നും ഇവര്‍ പറയുന്നു.

Content Highlights: Tom Cruise returns three Golden Globe awards over HFPA diversity row, NBC backs out from Golden Globe 2022