ടോം ക്രൂസ് പ്രധാനവേഷത്തിലെത്തുന്ന 'മിഷൻ ഇംപോസിബിൾ 7' ൽ നിന്നുള്ള ആക്ഷൻ വീഡിയോ വെെറലാകുന്നു. നോർവേയിൽ ഒരുക്കിയിരിക്കുന്ന ഭീമാകാരൻ സെറ്റിൽ നിന്നുള്ള ബെെക്ക് സ്റ്റണ്ടാണ് വെെറലായിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് താഴെ രസകരമായ അഭിപ്രായങ്ങളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. ഹേ ടോം ക്രൂസ്, നിങ്ങൾക്ക് ഭ്രാന്താണ്, അസാധ്യം... എന്നിങ്ങനെ പോകുന്നു കമന്റുകൾ.
കോവിഡ് ഭീതിയിൽ സിനിമയുടെ ചിത്രീകരണം അനിശ്ചിതമായി നീണ്ടു പോയിരുന്നു. ജൂലായ് മാസത്തോട് കൂടി ചിത്രീകരണം പുനരാരംഭിച്ചു. അതിനിടെ ഓക്സ്ഫോർഡ്ഷയറിൽ 20 കോടി മുതൽ മുടക്കി ഒരുക്കിയ സെറ്റ് കത്തിനശിച്ചു. ഒരു ബെെക്ക് അപകടത്തെ തുടർന്നായിരുന്നു സംഭവം.
കോവിഡ് ഭീതിയിൽ ഷൂട്ടിങ് മുടങ്ങയതും സിനിമാചിത്രീകരണം നീണ്ടുപോയതിലും ടോം ക്രൂസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനിടെയാണ് നിർമാതാക്കളെ വലിയ പ്രതിസന്ധിയിലാക്കിയ അപകടമുണ്ടായത്. ചിത്രത്തിന്റെ സഹനിർമാതാക്കളിലൊരാളാണ് ടോം ക്രൂസ്.
ക്രിസ്റ്റഫർ മക്‌വറിയാണ് മിഷൻ ഇംപോസിബിൾ 7 സംവിധാനം ചെയ്യുന്നത്. വിങ് റാമേസ്, സെെമൺ പെഗ്, റബേക്ക ഫെർഗ്യൂസൺ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു. സെെഡാൻസ് മീഡിയ, ടി.സി പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ടോം ക്രൂസ്, ക്രിസ്റ്റഫർ മക്‌വറി, ഡേവിഡ് എലിസൺ, ജേക്ക് മേയേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Tom Cruise mission impossible 7 Norway Jump, bike ride video