ട്രെയിനില്‍ ഒപ്പം യാത്ര ചെയ്ത യുവതിയുടെ കൈവശം ബോംബുണ്ടെന്ന് പോലീസിനെ വിളിച്ചു പറഞ്ഞ ഹോളിവുഡ് നടന്‍ ടി.ജെ. മില്ലര്‍ അറസ്റ്റില്‍. ന്യൂയോര്‍ക്കില്‍ വച്ചാണ് മില്ലറെ അറസ്റ്റ് ചെയ്തത്.

വാഷിങ്ടണ്‍ ഡിസിയില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് മില്ലര്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ ബാഗില്‍ ബോംബുണ്ടെന്ന് 911  എന്ന പോലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു പറഞ്ഞത്. തൂവാല കൊണ്ട് തല മൂടിയ ബ്രൗണ്‍ തലമുടിയുള്ള  യുവതിയുടെ കൈവശമുള്ള കറുത്ത ബാഗില്‍ ബോംബുണ്ടെന്നാണ് മില്ലര്‍ അറിയിച്ചത്. യുവതി ഇടയ്ക്കിടയ്ക്ക് തന്റെ ബാഗ് തുറന്നു നോക്കുന്നത് കണ്ടാണ് തനിക്ക് സംശയം തോന്നിയതെന്നും മില്ലര്‍ പറഞ്ഞു.

കണക്റ്റികട്ടിലെ ഒരു സ്‌റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ട പോലീസ് ബോംബ് സ്‌ക്വാഡ് യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി നടത്തിയ പരിശോധനയില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്തത് മില്ലറാണെന്ന് കണ്ടെത്തി. മില്ലര്‍ നന്നായി മദ്യപിച്ചിരുന്നുവെന്ന് സഹയാത്രികര്‍ പോലീസിന് മൊഴി നല്‍കി. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. കുറ്റം തെളിഞ്ഞാല്‍ മില്ലര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.

ഡെഡ്പൂള്‍, ക്ലോവര്‍ഫീല്‍ഡ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച മില്ലര്‍ അമേരിക്കന്‍ കോമഡി പരമ്പരയായ സിലിക്കണ്‍ വാലിയിലൂടെയാണ് ഏറെ പ്രശസ്തന്‍.

Content Highlights: TJMiller Hollywood bomb hoax PoliceArrest