സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടിയാന്‍ തിയേറ്ററില്‍ തരംഗമാകാത്തതിന് വിശദീകരണവുമായി പൃഥ്വിരാജ്. ഒരഭിമുഖത്തില്‍  പുതിയ ചിത്രമായ ആദം ജോആനിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് പൃഥ്വി ടിയാനെക്കുറിച്ച് പരാമര്‍ശിച്ചത്. 

'ടിയാനെക്കുറിച്ച്  പ്രേക്ഷകര്‍ക്ക് വ്യക്തത നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയാത്തത് കൊണ്ടായിരിക്കാം വേണ്ടത്ര ശ്രദ്ധ നേടാന്‍ കഴിയാതെ പോയത്. അതുകൊണ്ട് പ്രേക്ഷകരെ ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല. ഞങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് അതിന്റെ ഉത്തരവാദി.

ടിയാനില്‍ മതവിശ്വാസത്തെ ചൂഷണം ചെയ്യുന്ന ആള്‍ ദൈവമുണ്ട്. അയാള്‍ക്കെതിരെ നില്‍ക്കുന്നത് ഒരു ബ്രാഹ്മണനാണ്. ആള്‍ ദൈവത്തിനെതിരെയുള്ള പോരാട്ടത്തില്‍ അയാളെ സഹായിക്കുന്നത് ഒരു മുസ്ലീം ആണ്. മതത്തിനപ്പുറമുള്ള മാനവികതയാണ് ഈ സിനിമയുടെ പൊളിറ്റിക്‌സ്'- പൃഥ്വിരാജ് പറഞ്ഞു.

ഓണത്തിന് തിയേറ്ററുകളില്‍ എത്തുന്ന ആദം ജോആനിനെക്കുറിച്ച് തനിക്ക് ഏറെ പ്രതീക്ഷകളുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.  ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ സംവിധയകന്‍. ഭാവനയും ബംഗാളി നടി മിഷ്തിയുമാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ക്യാമറ- ജിത്തു ദാമോദര്‍. സംഗീതം ദീപക് ദേവ്. ഈ മാസം 31 ന് ചിത്രം പുറത്തിറങ്ങും.